ശൈശവ വിവാഹം: സ്കൂൾ അധ്യാപകൻ അറസ്റ്റിൽ
Saturday, November 25, 2023 2:18 AM IST
തഡേരു: ആന്ധ്രപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ താലികെട്ടിയ സ്കൂൾ അധ്യാപകനും രണ്ടു പെൺമക്കളുടെ പിതാവുമായ നാൽപ്പത്തിയാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
വെസ്റ്റ് ഗോദാവരി ജില്ലയിലെ ഭീമാവാരത്തുള്ള യണ്ടഗനി ജില്ലാ പരിഷദ് ഹൈസ്കൂളിലെ ഹിന്ദി അധ്യാപകൻ കെ. സോമരാജുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ, ശൈശവ വിവാഹനിരോധന നിയമം എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയത്. അടുപ്പത്തിലായതിനുശേഷം തന്റെ സ്മാർട്ട്ഫോൺ പെൺകുട്ടിക്കു കൊടുത്തിരുന്നു. നവംബർ 19ന് പെൺകുട്ടിയെ അധ്യാപകൻ താലി കെട്ടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
അധ്യാപകന്റെ കസ്റ്റഡിയിൽനിന്ന് ഓടി രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി വിവരങ്ങൾ മാതാപിതാക്കളോടു പറയുകയും സ്റ്റേഷനിൽ പരാതി നല്‍കുകയുമായിരുന്നുവെന്ന് വെസ്റ്റ് ഗോദാവരി ജില്ലാ ദിശ ഡിഎസ്പി എൻ. മുരളീകൃഷ്ണ പറഞ്ഞു.
ഏഴുവർഷം മുന്‍പാണ് സോമരാജുവിനെ ഭാര്യ ഉപേക്ഷിച്ചുപോയത്. സോമരാജുവിനെതിരേ ഭാര്യ അന്നു പോലീസിൽ പരാതി നല്‍കിയിരുന്നു.