വീരമൃത്യു വരിച്ച സൈനികന്റെ അമ്മയെ പിടിച്ചുനിർത്തി മന്ത്രിയുടെ ഫോട്ടോഷൂട്ട്
Saturday, November 25, 2023 2:18 AM IST
ലക്നോ: ജമ്മു-കാഷ്മീരിലെ രജൗറിയിൽ കഴിഞ്ഞദിവസമുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനിക ക്യാപ്റ്റന്റെ അമ്മയ്ക്കു യുപി സർക്കാരിന്റെ ധനസഹായം നൽകുന്നതിനിടെ മന്ത്രി നടത്തിയ ഫോട്ടോഷൂട്ട് വിവാദമായി.
ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ക്യാപ്റ്റൻ സുബാം ഗുപ്തയുടെ ആഗ്രയിലെ വസതിയിൽ യോഗി സർക്കാരിന്റെ പ്രതിനിധിയായെത്തിയ മന്ത്രി യോഗേന്ദ്ര ഉപാധ്യായയാണ് മകന്റെ വേർപാടിൽ തളർന്നുനിൽക്കുന്ന അമ്മയെ നിർബന്ധിച്ചു മുന്നിലേക്കു നിർത്തി ചെക്ക് കൈമാറുകയും പോസ് ചെയ്തു ഫോട്ടോയെടുപ്പിക്കുകയും ചെയ്തത്.
ഇതോടെ ഒരുനിമിഷം പൊട്ടിത്തെറിച്ച സ്ത്രീ, ഈ പ്രദർശനം നിർത്തൂവെന്നും തങ്ങൾക്ക് ഒന്നും വേണ്ടെന്നും പറയുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലുണ്ട്.