പീഡനം: സ്കൂൾ പ്രിൻസിപ്പലിനെതിരേ പരാതിയുമായി 142 വിദ്യാർഥിനികൾ
Saturday, November 25, 2023 2:18 AM IST
ചണ്ഡീഗഡ്: ഹരിയാനയിൽ സർക്കാർ സ്കൂളിലെ വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രിൻസിപ്പലിനെതിരേ കൂടുതൽ വിദ്യാർഥിനികൾ പരാതിയുമായി രംഗത്ത്.
ജിന്ദ് ജില്ലയിൽ അറസ്റ്റിലായ സ്കൂൾ പ്രിൻസിപ്പൽ കാർതാർ സിംഗിനെതിരേ 142 വിദ്യാർഥിനികളാണു പരാതി നൽകിയത്. സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അഞ്ചംഗ സമിതി മുന്പാകെയാണ് വിദ്യാർഥിനികൾ പരാതി നൽകിയത്. സ്കൂളിൽ 9,10 ക്ലാസുകളിൽ പഠിക്കുന്ന 390 വിദ്യാർഥിനികളെ സമിതി വിളിപ്പിച്ച് കൗൺസലിംഗ് നടത്തിയിരുന്നു.
60 വിദ്യാർഥിനികളുടെ പരാതി പ്രകാരം കഴിഞ്ഞ നാലിനാണ് പ്രിൻസിപ്പലിനെ പോക്സോ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ജുഡീഷൽ കസ്റ്റഡിയിലാണ് ഇയാൾ. സംസ്ഥാന വനിതാ കമ്മീഷനാണ് വിദ്യാർഥിനികൾ ആദ്യം പരാതി നൽകിയത്. തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നൽകി. ഇതോടെ പോലീസ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ അഞ്ചു ദിവസത്തിനുശേഷമാണ് പിടികൂടാനായത്.