ക്ഷമിക്കണം: മൻസൂർ, തെറ്റ് മാനുഷികം: തൃഷ
Saturday, November 25, 2023 2:18 AM IST
ചെന്നൈ: നടി തൃഷയോട് മാപ്പുപറഞ്ഞ് നടൻ മൻസൂർ അലി ഖാൻ. ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് മൻസൂർ മാപ്പു പറഞ്ഞത്. ""എന്റെ സഹപ്രവർത്തകയായ തൃഷ, ദയവായി എന്നോട് ക്ഷമിക്കൂ'' എന്നാണ് മൻസൂർ അലി ഖാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞത്.
വിമർശിച്ചവർക്കും പിന്തുണച്ചവർക്കും നന്ദിയെന്നും മൻസൂർ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ നേരിട്ടല്ലെങ്കിലും തൃഷയും പ്രതികരിച്ചിട്ടുണ്ട്. ""തെറ്റ് മാനുഷികമാണ്, ക്ഷമിക്കുന്നത് ദൈവികവും’’ എന്നാണു തൃഷ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
തൃഷയ്ക്കെതിരേ നടത്തിയ ലൈംഗിക പരാമർശം വിവാദമാവുകയും പോലീസ് കേസെടുക്കുകയും ചെയ്തതോടെയാണു നടൻ മാപ്പു പറയാൻ തയാറായത്. അന്വേഷണത്തിന്റെ ഭാഗമായി മൻസൂർ പോലീസിനു മുന്പാകെ ഹാജരായെങ്കിലും മാപ്പു പറയില്ലെന്ന നിലപാടിലായിരുന്നു. തന്റെ പരാമർശം തെറ്റായി വ്യഖ്യാനിച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. തൃഷയുടെ വിവാഹസമയത്ത് അവരെ അനുഗ്രഹിക്കാൻ തനിക്ക് അവസരം നൽകണമെന്ന് സർവശക്തനോടു പ്രാർഥിക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ലിയോ സിനിമയിൽ തൃഷയുണ്ടെന്നറിഞ്ഞപ്പോൾ കിടപ്പറ സീനുകളും ബലാത്സംഗ രംഗങ്ങളും ഉണ്ടാകുമെന്നാണു താൻ കരുതിയിരുന്നതെന്നാണു മൻസൂർ അലി ഖാൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
നടന്റെ പരാമർശത്തിനെതിരേ ചലച്ചിത്ര മേഖലയിൽനിന്നു രൂക്ഷവിമർശനം ഉയർന്നിരുന്നു. തുടർന്ന് വനിതാ കമ്മീഷൻ ഇടപെടുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.