ഒഡീഷയിലും ഉത്ര മോഡൽ കൊലപാതകം
Saturday, November 25, 2023 2:18 AM IST
ഭുവനേശ്വർ (ഒഡീഷ): കേരളത്തിലെ ഉത്ര മോഡൽ കൊലപാതകം ഒഡീഷയിലും. മൂർഖൻ പാന്പിനെ കിടപ്പുമുറിയിലേക്കു തുറന്നുവിട്ട് ഭാര്യയെയും രണ്ടുവയസുള്ള മകളെയും കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിലായി.
ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ കബിസൂര്യ നഗറിൽ ഒന്നരമാസം മുന്പാണ് യുവതിയും മകളും വിഷപ്പാന്പിന്റെ കടിയേറ്റു മരിച്ചത്. സംഭവത്തിൽ യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ഗണേഷ് പത്രയെ (25) പോലീസ് ചോദ്യംചെയ്തു വരികയായിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിലാണ് ഇയാൾഭാര്യ ബസന്തി (23) യെയും മകൾ ദേവസ്മിതയെയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നു തെളിഞ്ഞത്.
പാന്പാട്ടിയിൽനിന്നു വാങ്ങിയ മൂർഖൻപാന്പിനെ കൂടയ്ക്കുള്ളിലാക്കി ഭാര്യയും മകളും ഉറങ്ങിക്കിടന്ന മുറിയിലേക്ക് തുറന്നുവിടുകയായിരുന്നു. പിറ്റേന്നു പുലർച്ചെ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തി.
ഇതേസമയം ഗണേഷ് മറ്റൊരു മുറിയിൽ കിടന്നുറങ്ങുകയും ചെയ്തു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തിരുന്നെങ്കിലും ഒന്നര മാസത്തിനുശേഷം ഇന്നലെ വ്യക്തമായ തെളിവുകളോടെ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.