ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ: അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു
Saturday, November 25, 2023 2:18 AM IST
ന്യൂഡൽഹി: ഇന്ത്യക്കാരായ മുൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷയ്ക്കെതിരേ കേന്ദ്രസർക്കാർ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട എട്ട് മുൻ നാവിക ഉദ്യോഗസ്ഥർക്കായി കഴിഞ്ഞ ഒന്‍പതിനാണു കേന്ദ്രസർക്കാർ അപ്പീൽ ഫയൽ ചെയ്തത്. അപ്പീൽ വിശദമായി പരിശോധിച്ചശേഷം വാദം കേൾക്കുന്ന തീയതി തീരുമാനിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
നാവികസേനയിൽനിന്നു വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകന്പനിയായ അൽ ദഹ്റയിൽ ജോലിചെയ്യുകയായിരുന്ന ഇവരെ 2022 ഓഗസ്റ്റിലാണ് ഇസ്രയേലിനുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ചു ഖത്തർ രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. എന്നാൽ ഇവർക്കെതിരായ കുറ്റങ്ങൾ ഖത്തർ അധികൃതർ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളിയിരുന്നു.
കഴിഞ്ഞ മാസമാണു ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഇവർക്കു വധശിക്ഷ പ്രഖ്യാപിച്ചത്. ഖത്തർ കൈക്കൊണ്ട തീരുമാനം അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മുൻ നാവിക ഉദ്യോഗസ്ഥരുടെ ബന്ധുക്കൾ രംഗത്തെത്തിയതോടെയാണു വിദേശകാര്യ മന്ത്രാലയം അപ്പീൽ നൽകിയത്.
ക്യാപ്റ്റൻ നവ്തേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്രകുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് കുറ്റാരോപിതർ.