രാജസ്ഥാൻ ഇന്നു വിധിയെഴുതും
Saturday, November 25, 2023 2:18 AM IST
ജയ്പുർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്. 199 സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുക. കോൺഗ്രസ് സ്ഥാനാർഥിയുടെ നിര്യാണത്തെത്തുടർന്ന് കരൺപുർ സീറ്റിലെ തെരഞ്ഞെടുപ്പു മാറ്റിവച്ചു.
കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാട്ടമാണു സംസ്ഥാനത്തു നടക്കുന്നത്. കാൽ നൂറ്റാണ്ടായി സംസ്ഥാനത്ത് ഒരു പാർട്ടിക്കും ഭരണത്തുടർച്ച ലഭിച്ചിട്ടില്ല. 1862 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. ആകെ വോട്ടർമാർ 5.25 കോടി.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, സ്പീക്കർ സി.പി. ജോഷി, മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ്, എംപിമാരായ ദിയകുമാരി, രാജ്യവർധൻ സിംഗ് റാത്തോഡ് തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖർ. ബിജെപി മുഴുവൻ സീറ്റിലും മത്സരിക്കുന്നു. കോൺഗ്രസ് 198 സീറ്റിലാണു മത്സരിക്കുന്നത്. ഭരത്പുർ സീറ്റ് സഖ്യകക്ഷിയായ ആർഎൽഡിക്കു നല്കി.