“പഞ്ചാബ് ഗവർണർക്ക് എതിരായ ഉത്തരവ് വായിക്കണം”; കേരള ഗവർണറോട് സുപ്രീംകോടതി
Saturday, November 25, 2023 2:18 AM IST
ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരളം നൽകിയ റിട്ട് ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്ത ബുധനാഴ്ചത്തേക്കു മാറ്റി.
നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടുന്നില്ലെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണ് സമയക്കുറവിനെത്തുടർന്ന് വിശദമായ വാദം കേൾക്കാനായി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മാറ്റിവച്ചത്.
പഞ്ചാബ് ഗവർണർക്കെതിരായ ഉത്തരവ് വായിച്ചശേഷം പരിഗണനയിലിരിക്കുന്ന ബില്ലുകൾ സംബന്ധിച്ച നിലപാടറിയിക്കാൻ ഗവർണറുടെ സെക്രട്ടറിയോട് സുപ്രീംകോടതി നിർദേശിച്ചു.
ബില്ലുകൾ സംബന്ധിച്ച് കേരള ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്ന് ഗവർണറുടെ ഓഫീസിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി സുപ്രീംകോടതിയിൽ അഭിപ്രായപ്പെട്ടു.
എന്നാൽ, ഈ വിഷയം നിരവധി തവണ ചർച്ച ചെയ്തിട്ടും ഒരു പരിഹാരവും ഉണ്ടായില്ലെന്ന് കേരളത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ബില്ലുകളിൽ തീരുമാനം വൈകിക്കുന്ന ഗവർണർ ബാൻവാരി ലാൽ പുരോഹിതിനെതിരേ പഞ്ചാബ് സർക്കാർ നൽകിയ ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പ് അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും ആ ഉത്തരവ് കേരള ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ചീഫ് ജസ്റ്റീസ് നിർദേശിച്ചു.
ഉത്തരവ് വായിച്ചശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരിഗണയിലിരിക്കുന്ന ബില്ലുകളിലെ തീരുമാനം ബുധനാഴ്ച അറിയിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു.