തുരങ്ക ദൗത്യംവൈകും
Saturday, November 25, 2023 2:18 AM IST
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം വൈകുന്നു. ഡ്രില്ലിംഗ് നടത്തുന്ന അമേരിക്കൻ ഓഗർ മെഷീന് ഇന്നലെ പലതവണ തകരാറുണ്ടായതാണു ദൗത്യം വൈകാൻ കാരണം.
ഓഗർ മെഷീൻ സ്ഥാപിച്ചിരുന്ന പ്ലാറ്റ്ഫോം തകർന്നതും ഡ്രില്ലിംഗ് തടസപ്പെടാനിടയാക്കി. ഇന്നലെ രാത്രിയോടെ ഡ്രില്ലിംഗ് പൂർത്തിയാക്കി രക്ഷാപൈപ്പുകൾ സ്ഥാപിച്ച് തൊഴിലാളികളെ പുറത്തെത്തിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയടക്കമുള്ളവർ അറിയിച്ചിരുന്നെങ്കിലും വീണ്ടും അവശിഷ്ടങ്ങൾക്കിടയിലെ ഇരുന്പുപാളിയിൽ ഇടിച്ചതിനെത്തുടർന്ന് ഓഗർ മെഷീൻ കേടായി.
ഇതോടെ ഈ മെഷീൻ പുറത്തെടുത്തശേഷം സാധാരണ മെഷീൻ ഉപയോഗിച്ചു ഡ്രില്ലിംഗ് തുടരുകയാണ്. തൊഴിലാളികൾക്കരികിലേക്ക് എത്തണമെങ്കിൽ അടിഞ്ഞുകിടക്കുന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ ഇനി അഞ്ചു മീറ്റർകൂടി തുരക്കേണ്ടതുണ്ട്.
മുന്നോട്ടുള്ള ദിശയിൽ തടസങ്ങളില്ലെന്ന് റഡാർ സ്കാനിംഗിൽ കണ്ടെത്തി. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള അവസാന രക്ഷാപൈപ്പ് മറ്റുള്ളവയിലേക്ക് വെൽഡ് ചെയ്ത് ഘടിപ്പിച്ചുകഴിഞ്ഞു.
രക്ഷാപൈപ്പ് മുഴുവനും സ്ഥാപിച്ചാൽ ദൗത്യസംഘം അതിലൂടെ അകത്തു കടന്ന് തൊഴിലാളികളെ ഓരോരുത്തരെയായി സ്ട്രെച്ചറിൽ കിടത്തി പുറത്തെത്തിക്കും. ഇതിനായുള്ള പരീക്ഷണം ഇന്നലെ പൂർത്തിയായി. രക്ഷപ്പെടുത്തുന്ന തൊഴിലാളികൾക്കായി 41 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്.