പ്രകൃതിക്കായ് കണ്ണി ചേർന്നു ഭാരത സഭ
Sunday, November 26, 2023 2:30 AM IST
ബംഗളൂരു : ഭൂമിയെന്ന പൊതുഭവനത്തെ സംരക്ഷിക്കുക എന്ന സന്ദേശവുമായി ബംഗളൂരുവിൽ കഴിഞ്ഞ നാലു ദിവസമായി നടന്ന ദേശീയ സെമിനാർ സമാപിച്ചു. സിബിസിഐ, സിസിബിഐ, ധർമ്മാരാം വിദ്യാക്ഷേത്ര എന്നിവ സംയുക്തമായിട്ടാണ് സെമിനാറിന് നേതൃത്വം നൽകിയത്.
പരിസ്ഥിതി സംരക്ഷണത്തിനായി മാർപാപ്പയുടെ ആഹ്വാനം ഉൾക്കൊള്ളുന്നതായിരുന്നു സെമിനാർ. രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള വിദഗ്ധർ വിവിധ സെഷനുകളിലായി 27 ഓളം വിഷയങ്ങൾ അവതരിപ്പിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ പരിസ്ഥിതി സംരക്ഷണത്തെ ഊന്നിപ്പറയുന്ന ചാക്രിക ലേഖനങ്ങൾ വിശദമായ ചർച്ചയ്ക്കും പഠനത്തിനും വിധേയമായി.
പരിസ്ഥിതി സാക്ഷരതയും പരിസ്ഥിതി വിദ്യാഭ്യാസവും മുഖ്യവിഷയമായ സമ്മേളനത്തിൽ ഇന്ത്യയിലെ ആദ്യത്തെ നെറ്റ് സീറോ ഇടവകയായി പാലക്കാട് രൂപതയിലെ പൊൻകണ്ടം സെന്റ് ജോസഫ് ഇടവകയെ തെരഞ്ഞെടുത്തു. ഇതിന്റെ ഭാഗമായി ഇടവകയിലെ 135 വീടുകളിലും ഗ്രീൻ ഓഡിറ്റിംഗ് നടത്തി. പരിസ്ഥിതി വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്ന സൈൻ എന്ന എൻജിഒയുടെ സഹായത്തോടെയാണ് നെറ്റ് സീറോ പദവി ഇടവക സ്വന്തമാക്കിയത്.
പരിസ്ഥിതിക്കും കാലാവസ്ഥാ വ്യതിയാന പഠനത്തിനുമുള്ള സിബിസിഐയുടെ കമ്മീഷൻ അംഗങ്ങളായ ബിഷപ് ഡോ. അൽവാൻ ഡിസിൽവ, ബിഷപ് മാർ തോമസ് തറയിൽ, ബിഷപ്പ് ഡോ. ഐവാൻ പേരേര, ധർമമാരാം വിദ്യാക്ഷേത്രം പ്രസിഡന്റ് റവ. ഡോ. ജോയ് ഫിലിപ്പ് കാക്കനാട്ട് സിഎംഐ, പ്രഫസർമാരായ ഡോ. ജോബി ജോസ് കൊച്ചുമുട്ടം സി എംഐ, ഡോ. ബിനോയ് ചെക്കോന്തയിൽ സിഎംഐ, ഡോ. ജോബി കുന്നത്ത് സിഎംഐ, ഡോ. സെബാസ്റ്റ്യൻ ആലക്കാപ്പള്ളി സിഎംഐ, എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ ഡോ. ആന്റണി പൂള, ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോ എന്നിവർ സമ്മേളനത്തിന് വിവിധ ദിവസങ്ങളിൽ ആശംസകൾ അറിയിക്കുവാൻ എത്തിയിരുന്നു.