രാജസ്ഥാനിൽ 68.50 ശതമാനം പോളിംഗ്
Sunday, November 26, 2023 2:31 AM IST
ജയ്പുർ: രാജസ്ഥാനിൽ ഇന്നലെ നടന്ന വോട്ടെടുപ്പിൽ 68.50 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാത്രി വൈകിയും പോളിംഗ് തുടരുന്നതിനാൽ പോളിംഗ് ശതമാനം ഇനിയും വർധിച്ചേക്കും. 2018ൽ 74.06 ശതമാനം പോളിംഗാണു രേഖപ്പെടുത്തിയത്.
199 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. കോൺഗ്രസ് സ്ഥാനാർഥിയുടെ നിര്യാണത്തെത്തുടർന്ന് കരൺപുർ സീറ്റിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാട്ടമാണ് സംസ്ഥാനത്തു നടക്കുന്നത്.
കാൽ നൂറ്റാണ്ടായി സംസ്ഥാനത്ത് ഒരു പാർട്ടിക്കും ഭരണത്തുടർച്ച ലഭിച്ചിട്ടില്ല. അതേസമയം, അധികാരത്തുടർച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ സച്ചിൻ പൈലറ്റും ആത്മവിശ്വാസം പ്രകടിപ്പിച്ചു. അധികാരം തിരിച്ചുപിടിക്കുമെന്ന് ബിജെപി വ്യക്തമാക്കി.