നിയമസഭാ കമ്മിറ്റികളില്‍നിന്ന് കുക്കി സോ വിഭാഗക്കാരെ നീക്കി
Sunday, November 26, 2023 2:31 AM IST
ഇംഫാല്‍: മണിപ്പുര്‍ നിയസഭയുടെ വിവിധ കമ്മിറ്റികളിലെ ചെയര്മാന് പദവയില്‍നിന്ന് കുക്കി സോ വിഭാഗത്തില്‍പ്പെട്ട മൂന്ന് എംഎല്‍എമാരെ നീക്കി. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്.
കാരണമൊന്നും വ്യക്തമാക്കാതെയാണ് ചുരാചന്ദ്പുരില്നിന്നുള്ള എല്‍.എം. ഖൗട്ടേ, സയ്തുവിലെ സ്വതന്ത്ര എംഎല്‍എ ഹോക്ഹോലത് കിപ്ജെനിൻ, താന്ലണിൽനിന്നുള്ള ബിജെപി പ്രതിനിധി എല്‍.എ വുങ്സാഗിന്‍ വോള്‍ട്ട എന്നിവർക്കാണു സ്ഥാനചലനം.
ഖൗട്ടേയെ പബ്ലിക് അണ്ടര്‍ടേക്കിംഗ് ചെയര്മാന് സ്ഥാനത്തുനിന്നാണ് നീക്കിയത്. കക്ചിംഗ് എംഎല്‍എയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) പ്രതിനിധിയുമായ മായംഗ് ലാംബാം രമേശ്വറിനാണു നിയമനം. ഗവണ്മെന്റ് അഷ്വറന്‍സ് കമ്മിറ്റി അധ്യക്ഷപദവയില്നിന്നാണു ഹോക്ഹോലത് കിപ് ജെനിനെ നീക്കിയത്.
നാഗ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) എംഎല്‍എ ലോസി ദിക്ഹോയ്ക്കാണു പകരം നിയമനം. നിയമസഭാ ലൈബ്രറി കമ്മിറ്റി അധ്യക്ഷപദവിയാണ് വുങ്സാഗിന്‍ വോള്ട്ടയ്ക്കു നഷ്ടമായത്.
ലാംലായിയില്നിന്നുള്ള ബിജെപി എംഎല്‍എ കെ.ഇമ്പോച്ചയ്ക്കാണു ചുമതല. കലാപത്തിനിടെ ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ വോള്ട്ടയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.