വീണ്ടും കലാപം: മണിപ്പുരിൽ ഒരാൾകൂടി കൊല്ലപ്പെട്ടു
Sunday, November 26, 2023 2:31 AM IST
ഇംഫാൽ: മണിപ്പുരിൽ ആയുധധാരികളായ തീവ്രവാദികൾ 21 കാരനായ കുക്കി യുവാവിനെ വധിച്ചു. കാംഗ്പോക്പിയിലെ ജൂപി മേഖലയിൽ നടന്ന ആക്രമണത്തിൽ ഖുപ്മിന്താംഗ് ഹോകിപ് എന്നയാളാണു കൊല്ലപ്പെട്ടത്.
എതിർവിഭാഗത്തിന്റെ ആക്രമണത്തിൽനിന്നു രക്ഷ നേടുന്നതിനുള്ള ഭൂഗര്‍ഭ അറയുടെ കാവല്ക്കാരനായിരുന്നു ഖുഫ്മിൻതാംഗ്. കാംഗ്പോക്പി-ബിഷ്ണുപുര്‍ ജില്ലാ അതിര്‍ത്തിയില്‍വച്ച് ആയുധധാരികളായ ഒരുസംഘം യുവാവിനെ പിടികൂടി കൊലപ്പെടുത്തുകയായിരുന്നു.
കുക്കി മേധാവിത്വമേഖലയായ ജൂപിയില് ഇന്നലെ മണിക്കൂറുകളോളം വെടിയൊച്ച കേട്ടതായി പോലീസ് പറഞ്ഞു. യുവാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗോത്രവര്ഗസംഘടനയായ ഐടിഎല്‍എഫ് ചുരാചന്ദ്പുരില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ച് സ്ഥിതിഗതികൾ സാധാരണ നിലയിലാക്കിയെന്ന് പോലീസ് അറിയിച്ചു.