ഉത്തരകാശി തുരങ്കം: തൊഴിലാളികൾക്കായി പ്രാർത്ഥിക്കാൻ സിബിസിഐയുടെ ആഹ്വാനം
Monday, November 27, 2023 1:37 AM IST
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് പ്രാർത്ഥനയും ഐക്യദാർഢ്യവും അറിയിക്കുന്നതായും രക്ഷാപ്രവർത്തനം വിജയത്തിലെത്തട്ടേയെന്നു പ്രാർഥിക്കുന്നതായും കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ(സിബിസിഐ) പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
തൊഴിലാളികളെ വേഗത്തിൽ സുരക്ഷിതരായി രക്ഷപ്പെടുത്തുന്നതിന് എല്ലാവരും പ്രാർഥിക്കണം. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ കരുത്തും പ്രതീക്ഷയും നൽകുന്നതിന് പ്രാർഥന സഹായിക്കും.
തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികൾക്കുവേണ്ടിയുള്ള പ്രാർഥനയിൽ നമുക്ക് ഒന്നിക്കാം. നമ്മുടെ കൂട്ടായ പ്രാർഥനയിലൂടെ ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആശ്വാസവും ശക്തിയും ലഭിക്കട്ടെ യെന്നും രക്ഷാപ്രവർത്തനം ലക്ഷ്യം കാണട്ടെയെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.