ഭീകര സംഘടനയുമായി ബന്ധം: നാലു സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
Monday, November 27, 2023 1:37 AM IST
ന്യൂഡൽഹി: പാക്കിസ്ഥാൻ ബന്ധമുള്ള ബിഹാറിലെ ഭീകരസംഘടനയായ ഗാസ്വ-ഇ ഹിന്ദുമായി ബന്ധപ്പെട്ട് കേരളമുൾപ്പെടെ നാലു സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി.
കേരളത്തിൽ കോഴിക്കോട്, മധ്യപ്രദേശിലെ ദേവാസ്, ഗുജറാത്തിലെ സോമനാഥ്, ഉത്തർപ്രദേശിലെ അസംഗഡ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.
ക്രിമിനൽ ബന്ധം തെളിയിക്കുന്ന രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു. ബിഹാറിലെ പാറ്റ്നയിൽ ഫുൽവാരിഷെരിഫ് പോലീസ് സ്റ്റേഷനിൽ കഴിഞ്ഞവർഷം ജൂലൈ 14ന് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
പാക് പൗരൻ സെയ്ൻ എന്നയാൾ നിർമിച്ച ഗാവ്സ -ഇ-ഹിന്ദ് എന്ന വാട്സ് ആപ് ഗ്രൂപ്പിന്റെ അഡ്മിൻ മർഹൂബ് അഹമ്മദ് ഡാനിഷ് എന്നയാളെ ഇതുമായി ബന്ധപ്പെട്ട് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞ ജനുവരി ആറിന് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
മർഹൂബ് താൻ അഡ്മിനായുള്ള ഈ ഗ്രൂപ്പിൽ ഇന്ത്യക്കു പുറമെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, യെമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള നിരവധി പേരെ ചേർത്തതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യവ്യാപകമായി തീവ്രവാദികളുടെ സ്ലീപ്പർ സെല്ലുകൾ സജീവമാക്കി ആക്രമണം നടത്താനും ഇയാൾ പദ്ധതിയിട്ടിരുന്നതായി എൻഐഎ കണ്ടെത്തിയിട്ടുണ്ട്.