പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേര് മാറ്റുന്നു
സ്വന്തം ലേഖകൻ
Tuesday, November 28, 2023 1:46 AM IST
ന്യൂഡൽഹി: പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും പേര് മാറ്റണമെന്നു കേന്ദ്രസർക്കാർ. ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെ പേര് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കി മാറ്റണമെന്നാണു നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടറുടെ കത്തിലെ നിർദേശം. പേരിനൊപ്പം “ആരോഗ്യം പരമം ധനം’’ എന്ന ടാഗ് ലൈനും ഉൾപ്പെടുത്തണമെന്നും സംസ്ഥാനങ്ങൾക്കയച്ച കത്തിൽ പറയുന്നു.
ഡിസംബർ അവസാനത്തോടെ പേരുമാറ്റം പൂർത്തിയാക്കണം. താഴെത്തട്ടിലുള്ള ആശുപത്രികളെ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററാക്കി ഉയർത്തി പേരു മാറ്റണം. അതത് സംസ്ഥാനങ്ങൾ അവരുടെ മാതൃഭാഷകളിലേക്കു പേര് മാറ്റാവുന്നതാണ്. എന്നാൽ ടാഗ് ലൈനിൽ മാറ്റം വരുത്താൻ പാടില്ലെന്നും നിർദേശമുണ്ട്. നിലവിൽ ഒരുലക്ഷത്തിലധികം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ രാജ്യത്തു പ്രവർത്തിക്കുന്നുണ്ട്.
കേന്ദ്രങ്ങൾ സ്വന്തം കെട്ടിടത്തിലല്ല പ്രവർത്തിക്കുന്നതെങ്കിൽ ഫ്ലക്സ് ബോർഡിൽ പേര് പ്രദർശിപ്പിക്കണം. പേരിനു മാറ്റം വരുത്താൻ 3000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നേരത്തേ നൽകിയിരുന്ന നിർദേശങ്ങളനുസരിച്ച് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ നവീകരണ ജോലികൾ 98 ശതമാനം പൂർത്തിയായപ്പോഴാണു പുതിയ നിർദേശങ്ങൾ ലഭിച്ചത്. പേരുമാറ്റം പൂർത്തിയാക്കിയാൽ മാത്രമേ പദ്ധതിപ്രകാരമുള്ള ഫണ്ട് ലഭിക്കൂ. നിലവിൽ കേന്ദ്രഫണ്ട് ലഭിക്കാത്തതിനാൽ ആശാ പ്രവർത്തകരുടെ ശന്പള വിതരണമുൾപ്പെടെ പ്രതിസന്ധിയിലാണ്.