മണിപ്പുർ കലാപം: മൃതദേഹങ്ങൾ സംസ്കരിക്കണമെന്നു സുപ്രീംകോടതി
Wednesday, November 29, 2023 2:03 AM IST
ന്യൂഡൽഹി: മണിപ്പുർ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ മോർച്ചറിയിൽനിന്നു നീക്കി സംസ്കരിക്കണമെന്നു സംസ്ഥാനസർക്കാരിനു സുപ്രീംകോടതി നിർദേശം നൽകി.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളെക്കുറിച്ച് റിട്ട. ജസ്റ്റീസ് ഗീത മിത്തലിന്റെ അധ്യക്ഷതയിലുള്ള വിരമിച്ച വനിതാ ജസ്റ്റീസുമാരുടെ സമിതി സുപ്രീംകോടതിക്കു റിപ്പോർട്ട് നൽകിയിരുന്നു. ഇതുകൂടി പരിശോധിച്ചാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.
175 മൃതദേഹങ്ങളിൽ 169 എണ്ണം തിരിച്ചറിഞ്ഞതായി ജസ്റ്റീസ് ജെ.ബി. പർദിവാലയും ജസ്റ്റീസ് മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. 169 മൃതദേഹങ്ങളിൽ 81 എണ്ണത്തിന്റെ അവകാശവാദവുമായി ബന്ധുക്കൾ എത്തിയിരുന്നു. 88 എണ്ണം ഏറ്റുവാങ്ങാൻ ആരുമെത്തിയിട്ടില്ല. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഒന്പതു സ്ഥലങ്ങൾ സംസ്ഥാനസർക്കാർ നിർദേശിച്ചിട്ടുണ്ട്.
2023 മേയിൽ കലാപം തുടങ്ങിയെന്നത് കണക്കിലെടുത്ത് അനിശ്ചിതകാലത്തേക്ക് മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിക്കുന്നത് അനുചിതമാണ്. ഡിസംബർ നാലിനകം മൃതദേഹങ്ങൾ സംസ്കരിക്കുന്നത് പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്.