സാക്ഷ്യംവഹിച്ചതു രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യം
Wednesday, November 29, 2023 2:03 AM IST
സിൽക്യാര: രാജ്യം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദുഷ്കരവും അതിസാഹസികവുമായ രക്ഷാദൗത്യത്തിനാണ് ഉത്തരകാശിയിലെ സിൽക്യാര തുരങ്കം സാക്ഷ്യംവഹിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്ന രക്ഷാദൗത്യത്തിൽ രാജ്യത്തു ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി.
ദേശീയ ദുരന്ത നിവാരണ സേനയ്ക്കു പുറമെ, സൈനിക എൻജിനിയറിംഗ് വിഭാഗം, പ്രതിരോധ ഗവേഷണ വിഭാഗമായ ഡിആർഡിഒ, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ (ഒഎൻജിസി), റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ), നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (എൻഎച്ച്ഐഡിസിഎൽ), തെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (ടിഎച്ച്ഡിസിഎൽ) തുടങ്ങിയ ഏജൻസികളും രാപകൽഭേദമെന്യേ നടന്ന രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
മാർഗനിർദേശവുമായി അന്താരാഷ്ട്ര ടണലിംഗ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റ് ആർനോൾഡ് ഡിക്സിന്റെ നേതൃത്വത്തിലുള്ള സംഘവും സദാസമയവും രംഗത്തുണ്ടായിരുന്നു. തുരങ്കത്തിനുള്ളിൽ വൈദ്യുതിയും പൈപ്പ് ലൈൻ വഴി കുടിവെള്ള ലഭ്യതയും ഉണ്ടായിരുന്നതുതന്നെ രക്ഷാപ്രവർത്തകർക്ക് ആശ്വാസം നൽകിയിരുന്നു.
തുരങ്കത്തിനുള്ളിലെ 41 തൊഴിലാളികളും സുരക്ഷിതരാണെന്ന് കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചിരുന്നു. തുരങ്കത്തിനകത്തേക്ക് സ്ഥാപിച്ച കുഴലിലൂടെ എൻഡോസ്കോപിക് കാമറ കടത്തി തൊഴിലാളികളുടെ ദൃശ്യങ്ങൾ പകർത്താനായതും കുഴലിലൂടെ ഭക്ഷണസാധനങ്ങൾ തുരങ്കത്തിനുള്ളിലെത്തിക്കാനായതും തൊഴിലാളികളുമായി വോക്കിടോക്കികൾ വഴി ആശയവിനിമയം നടത്താനായതും കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി.
എങ്കിലും അവശിഷ്ടങ്ങൾക്കിടയിലൂടെ ഡ്രില്ലിംഗ് നടത്തുന്നതിനിടെ അമേരിക്കൻ ഓഗർ മെഷീന് സാങ്കേതികതകരാർ സംഭവിച്ചത് പലകുറി ആശങ്ക സൃഷ്ടിച്ചു. തുരങ്ക മുഖത്തുനിന്നുള്ള രക്ഷാദൗത്യത്തിനു പുറമെ മറ്റു നാലിടത്തുകൂടി ഡ്രില്ലിംഗ് നടത്തി തൊഴിലാളികൾക്കരികിലേക്ക് പൈപ്പിടാനുള്ള കർമപദ്ധതിയും രക്ഷാപ്രവർത്തകർ ആവിഷ്കരിച്ചിരുന്നു.