ഓഗർ മെഷീനു പിഴച്ചിടത്ത് എലിപ്പൊത്തു മാതൃക രക്ഷയായി
Wednesday, November 29, 2023 2:03 AM IST
സിൽക്യാര: ഉത്തരകാശിയിലെ സിൽക്യാര-ബാകോട്ട് തുരങ്കം ഇടിഞ്ഞ് ഉള്ളിൽ അകപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായി നടത്തിയ രക്ഷാദൗത്യം ഒടുവിൽ വിജയം കണ്ടത് പരന്പരാഗത ഖനന രീതിയിലൂടെ. നാലടിയിൽ കൂടുതൽ വീതിയില്ലാത്ത വളരെ ചെറിയ കുഴികൾ കുഴിച്ചു കൽക്കരി വേർതിരിച്ചെടുക്കുന്ന രീതിയായ റാറ്റ്-ഹോൾ ഖനന രീതിയാണു അവലംബിച്ചത്.
ഇറക്കുമതി ചെയ്തതടക്കം അത്യാധുനിക ഡ്രില്ലിംഗ് മെഷീനുകൾ ദിവസങ്ങളോളം നടത്തിയ പ്രവർത്തനം തകരാറിലായതിനെത്തുടർന്നാണ് എലികൾ പൊത്ത് നിർമിക്കുന്നതുപോലെ ചെറിയ കുഴൽ പൊത്ത് നിർമാണം ആരംഭിച്ചത്. റാറ്റ് ഹോൾ മൈനിംഗ് വിദഗ്ധരായ 12 തൊഴിലാളികളാണ് രക്ഷാദൗത്യം വിജയത്തിലേക്ക് എത്തിച്ചത്.
ഇരുന്പു കന്പിയും പിക്ക് ആക്സും തൂന്പയുമടക്കം ഉപയോഗിച്ചു കൈകൾകൊണ്ട് കുഴിയുണ്ടാക്കുകയാണു ചെയ്തത്. ഉത്തരേന്ത്യയിലെ കൽക്കരി ഖനികളിൽ മുന്പ് ഈ രീതി പതിവായിരുന്നു. സുരക്ഷിതമല്ലെന്ന കാരണത്താൽ ദേശീയ ഹരിത ട്രൈബ്യൂണൽ 2014ൽ നിരോധിച്ചെങ്കിലും മേഘാലയയിലെ കൽക്കരി ഖനികളിൽ ഇപ്പോഴും റാറ്റ് മൈനിംഗ് സാധാരണമാണ്. മണിപ്പുരിലും ഈ രീതി സജീവമാണ്.
സംസ്ഥാനസർക്കാരുകൾക്കു വരുമാനം ലഭിക്കുന്നതിനാൽ അനധികൃത ഖനനത്തിനുനേർക്ക് അധികൃതർ കണ്ണടയ്ക്കുന്നതായി പരാതിയുണ്ട്. തുരങ്കങ്ങളുടെ ചെറിയ വലിപ്പം കുട്ടികളെ അപകടകരവും അശാസ്ത്രീയവുമായ ജോലിക്ക് നിർബന്ധിതരാക്കുന്നു.
കൂറ്റൻ ഡ്രില്ലിംഗ് മെഷീനുകൾക്ക് പിഴച്ചു
ഇടിഞ്ഞ തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ തൊഴിലാളികൾക്കരികിലേക്കു രക്ഷാപൈപ്പ് സ്ഥാപിക്കുന്നതിനായി ഡ്രില്ലിംഗ് നടത്തുന്നതിന് ഡൽഹിയിൽനിന്നും ഇൻഡോറിൽനിന്നും 25 ടൺ ഭാരം വരുന്ന അമേരിക്കൻ ഓഗർ മെഷീൻ സ്ഥലത്തെത്തിച്ചിരുന്നു. ഇതുവഴി എത്രയും വേഗത്തിൽ രക്ഷാദൗത്യം പൂർത്തിയാക്കാമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടൽ. വ്യോമസേനയുടെ കൂറ്റൻ ചരക്കുവിമാനത്തിൽ രണ്ടു ഭാഗങ്ങളായി എത്തിച്ചാണ് ഓഗർ മെഷീൻ കൂട്ടിയോജിപ്പിച്ചത്.
ഇത് തുരങ്കത്തിനുള്ളിലേക്ക് കടത്തുവാനും മണിക്കൂറുകൾ വേണ്ടിവന്നു. ഒടുവിൽ അവശിഷ്ടങ്ങൾക്കിടയിലെ ലോഹപാളികളിൽ തട്ടി പലകുറി ബ്ലേഡ് മുറിഞ്ഞതും സാങ്കേതിക തകരാർ ഉണ്ടായതും രക്ഷാദൗത്യം വൈകാനിടയാക്കി.
ഏറ്റവുമൊടുവിൽ ഓഗർ മെഷീന്റെ ബ്ലേഡ് തുരങ്കാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതോടെ മറ്റു വഴികളില്ലാതെ ഇതു പൂർണമായും പുറത്തെടുത്ത് പരന്പരാഗതരീതിയുള്ള റാറ്റ് ഹോള് മൈനിംഗ് അവലംബിക്കുകയായിരുന്നു.
റാറ്റ് ഹോൾ മൈനിംഗ് നിരോധിച്ചിരിക്കാമെന്നും എന്നാൽ ഒരു റാറ്റ് ഹോൾ മൈനറുടെ അനുഭവവും കഴിവും ഉപയോഗപ്പെടുത്താമെന്നും ദേശീയ ദുരന്ത നിവാരണ അഥോറിറ്റി മെംബർ ലഫ്. ജനറൽ(റിട്ട.) സെയ്ദ് അതാ ഹസ്നെയ്ൻ പറഞ്ഞു.
പതിനേഴാം ദിനം വെളിച്ചത്തിലേക്ക്
പുറംലോകവുമായി ബന്ധപ്പെടാനാകാതെ 41 ജീവിതങ്ങൾ തുരങ്കത്തിനുള്ളിൽ കഴിച്ചുകൂട്ടിയത് 17 ദിവസം. പുറത്ത് രക്ഷാദൗത്യം ഒന്നൊന്നായി പരാജയപ്പെടുന്പോഴും രാജ്യം നിശ്ചയദാർഢ്യത്തോടെ തൊഴിലാളികൾക്കൊപ്പം നിന്നു.
ഒടുവിൽ എല്ലാവരും കാത്തിരുന്ന ശുഭവാർത്ത.ഉത്തരാഖണ്ഡിലെ പ്രധാനപ്പെട്ട നാല് ആരാധനാകേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ ബന്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ അഭിമാനപദ്ധതിയുടെ നിർമാണത്തിനിടെയാണ് അപകടം. ഏതു കാലാവസ്ഥയിലും ആരാധനാലയങ്ങളിൽ ആളുകൾക്ക് എത്തിച്ചേരുക ലക്ഷ്യമിട്ടുള്ള ചാർധാം പദ്ധതിയുടെ ഭാഗമായാണു നാലര കിലോമീറ്റർ ദൂരമുള്ള തുരങ്കം നിർമിക്കുന്നത്.
സിൽക്യാര തുരങ്കം എന്നാണു പേര് നൽകിയിരിക്കുന്നത്. ഉത്തരകാശിയിലെ സിൽക്യാരയെയും ദണ്ഡൽഗാവിനെയും ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു നിർമാണം. സിൽക്യാര ഭാഗത്തുനിന്ന് 2.4 കിലോമീറ്ററും മറുഭാഗത്ത് 1.75 കിലോമീറ്ററുമാണ് പൂർത്തിയായത്. ഹൈദരാബാദ് ആസ്ഥാനമായുള്ള നവയുഗ എൻജിനിയറിംഗ് കന്പനിക്കാണു നിർമാണച്ചുമതല.
നേരത്തേയും സമാനമായ നിർമാണ പദ്ധതികൾ കന്പനി ഏറ്റെടുത്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഈ മാസം 12ന് പുലർച്ചെ 5.30നാണ് സിൽക്യാര ഭാഗത്ത് 260 മീറ്ററോളം ഉള്ളിൽ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നത്. ഇതോടെ 41 തൊഴിലാളികൾ തുരങ്കത്തിനുള്ളിലായി.
വൈദ്യുതിസംവിധാനവും കുടിവെള്ളവും ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള പ്രദേശത്ത് ഉണ്ടായിരുന്നു എന്നതിനാൽ തൊഴിലാളികൾക്ക് കഷ്ടിച്ചു ജീവൻ നിലനിർത്താനായി. അപകടത്തിനു കാരണമായി വിവിധ വാദങ്ങളുണ്ട്. ഹിമാലയൻ മേഖലയിലെ ഉരുൾപൊട്ടൽ, പരിസ്ഥിതിലോല മേഖലയിലെ അതിവിപുലമായ നിർമാണം തുടങ്ങിയവ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
തുരങ്കനിർമാണത്തിനായി നടത്തിയ സ്ഫോടനമാണു അപകടകാരണമെന്ന വാദവുമുണ്ട്. നിർമാണകന്പനി ഇതു സമ്മതിക്കില്ലെങ്കിലും വലിയൊരു സ്ഫോടനമാണ് തുരങ്കം തകരാൻ കാരണമായതെന്ന് ഉത്തരാഖണ്ഡ് ഹോർട്ടികൾച്ചർ ആൻഡ് ഫോറസ്ട്രി സർവകലാശാലയിലെ ജിയോളജിസ്റ്റും പരിസ്ഥിതി വിദഗ്ധനുമായ പ്രഫ.എസ്.പി. സതി നിരീക്ഷിക്കുന്നു.
ഇതോടൊപ്പം അധികൃതരുടെ അനാസ്ഥയും ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. നിർമാണഘട്ടത്തിൽ തൊഴിലാളികൾക്ക് രക്ഷപ്പെടാനായി എസ്കേപ്പ് ടണൽ നിർമിക്കാൻ നിർദേശമുണ്ടായിരുന്നു. എന്നാൽ സിൽക്യാരയിൽ ഇതു നിർമിച്ചിട്ടില്ല. അപകടഘട്ടത്തിൽ തൊഴിലാളികൾക്ക് വേഗത്തിൽ രക്ഷപ്പെടാൻ എസ്കേപ്പ് ടണൽ സഹായിക്കുമായിരുന്നു.