അമിത ആത്മവിശ്വാസത്തില്‍ അടിതെറ്റി
Monday, December 4, 2023 1:38 AM IST
ന്യൂഡൽഹി: എക്സിറ്റ് പോൾ ഫലങ്ങളെ കാറ്റിൽ പറത്തി ഛത്തീസ്ഗഡിൽ ബിജെപി നേടിയ ഉജ്വല വിജയത്തിൽ ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്. 90 അംഗ നിയമസഭയിൽ 54 സീറ്റ് നേടി ബിജെപി ഭരണം ഉറപ്പിച്ചു. കോണ്‍ഗ്രസ് 35ഉം ഗോണ്ടുവാന ഗണതന്ത്ര പാർട്ടി ഒരു സീറ്റും നേടി.
ഭരണവിരുദ്ധ വികാരം തെല്ലുമില്ലെന്നിരിക്കെ ഭൂപേഷ് ബാഗേൽ സർക്കാർ അധികാരം നിലനിർത്തുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ ഛത്തീസ്ഗഡ് വിജയം കോണ്‍ഗ്രസ് ഉറപ്പിച്ചിരുന്നു. ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്തും അതിന്റെ പ്രതീക്ഷകളുണ്ടായിരുന്നു. നാല്, അഞ്ച് റൗണ്ടുകളിലേക്ക് വോട്ടെണ്ണൽ കടന്നപ്പോൾ ബിജെപി തിരിച്ചെത്തി. കോണ്‍ഗ്രസ് 42 ശതമാനം വോട്ട് പിടിച്ചപ്പോൾ ബിജെപിക്ക് 46 ശതമാനം വോട്ട് ലഭിച്ചു.
ബിജെപിയുടെ തീവ്രഹിന്ദുത്വത്തിനെതിരേ മൃദുഹിന്ദുത്വവും കാർഷിക സബ്സിഡി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളുമായി ഭരണം പിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ അമിത വിശ്വാസമാണ് തോൽവിക്കു കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും നേരിട്ടാണ് ഛത്തീസ്ഗഡിൽ പ്രചാരണം നയിച്ചത്.
ഭൂപേഷ് ബാഗേൽ സർക്കാരിന്റെ ചാണകം, ഗോമൂത്ര ശേഖരണവും കാർഷിക സബ്സിഡി, നെല്ല് സംഭരണം തുടങ്ങിയ പദ്ധതികൾക്കു മുന്നിൽ നിരായുധരായി നിന്ന ബിജെപി വർഗീയ കാർഡ് ഇറക്കിയാണു കളിച്ചത്. ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വർഗീയത ഇളക്കിവിട്ടു.
ആദിവാസി-നക്സൽ മേഖലയായ ബസ്തറും സർഗുജയും കോണ്‍ഗ്രസിനെ ഇത്തവണ കൈവിട്ടു.