മധ്യപ്രദേശിന്റെ ശിവരാജ് സിംഗ് ചൗഹാന്റെ അശ്വമേധം
Monday, December 4, 2023 1:38 AM IST
സെബിൻ ജോസഫ്
ന്യൂഡൽഹി: മധ്യപ്രദേശിൽ ആഞ്ഞടിക്കുമെന്നു പ്രവചിച്ചിരുന്ന ഭരണവിരുദ്ധ വികാരത്തെ ക്ഷേമപദ്ധതികൾകൊണ്ട് പിടിച്ചുകെട്ടി ശിവരാജ് സിംഗ് ചൗഹാൻ ഹിന്ദി ഹൃദയഭൂമിയിൽ വീണ്ടും താമര വിരിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രധാനമുഖമായി ഉയർത്തിക്കാട്ടിയ മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ, മൂന്നു കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ഏഴ് എംപിമാരെ ഇറക്കിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. 230 അംഗ നിയമസഭയിൽ 165 സീറ്റുകൾ നേടി ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കും.
2018 ൽ 112 സീറ്റ് നേടിയ കോണ്‍ഗ്രസ് 64 സീറ്റിലേക്ക് ഒതുങ്ങി. ബുധിനിയിൽനിന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ചിന്ദ്വാഡയിൽനിന്ന് കോണ്‍ഗ്രസ് നേതാവ് കമൽനാഥും വിജയിച്ചു.
നാലാംഘട്ട സ്ഥാനാർഥി നിർണയത്തിൽ മാത്രം സിറ്റിംഗ് മണ്ഡലമായ ബുധിനിയിൽ സീറ്റ് നൽകി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ അപമാനിക്കാൻ ബിജെപി നേതൃത്വം ശ്രമിച്ചെങ്കിലും വൻ വിജയത്തോടെ അദ്ദേഹം മധ്യപ്രദേശിൽ ബിജെപിയുടെ മുഖമായി മാറി.
മാമ എന്നു വിളിക്കുന്ന ചൗഹാന്റെ ക്ഷേമപദ്ധതികൾ, പ്രത്യേകിച്ച് പെണ്‍കുട്ടികൾക്ക് പ്രതിമാസം 1250 രൂപ നൽകിവരുന്ന ലാഡ്ലി ബെഹന യോജന പദ്ധതിയാണ് ബിജെപി വിജയത്തിന്റെ ആക്കം കൂട്ടിയത്. സ്ത്രീ വോട്ടർമാർ ബിജെപിക്കൊപ്പം നിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കിസാൻ സമ്മാ
ൻ പദ്ധതിയും ബിജെപി സർക്കാരിലുള്ള ജനങ്ങളുടെ പ്രതീക്ഷ വർധിപ്പിച്ചു. തുടർഭരണം ലഭിച്ചാൽ ലാഡ്ലി ബെഹന 3000 രൂപയാക്കാമെന്നാണ് ബിജെപി വാഗ്ദാനം.
കമൽനാഥ് എന്ന ഒറ്റ നേതാവിന്റെ ചിറകിൽ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടിവന്നു. മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗിനെ മാറ്റിനിർത്തി കമൽനാഥ് ഒറ്റയ്ക്കാണ് പ്രചാരണം നയിച്ചത്. ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്. കമൽനാഥിന്റെ ശക്തികേന്ദ്രങ്ങളിൽപോലും കോണ്‍ഗ്രസിന് വോട്ട് ചോർന്നു. പ്രിയങ്കയും രാഹുൽ ഗാന്ധിയുമായിരുന്നു മധ്യപ്രദേശിലെ താരപ്രചാരകർ.
ഭോപ്പാൽ നഗരത്തിൽ രാഹുൽ നടത്തുമെന്നു പ്രഖ്യാപിച്ച റോഡ് ഷോപോലും മാറ്റിവച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായി. സംസ്ഥാനത്ത് കൂടുതൽ പ്രചാരണം നയിച്ചത് പ്രിയങ്കയായിരുന്നു. എന്നാൽ, പ്രിയങ്കയുടെ വ്യക്തിപ്രഭാവം വോട്ടായി മാറിയില്ല. ഭോപ്പാൽ ലോക്സഭാ മണ്ഡലത്തിലെ ഏഴു സീറ്റുകളിൽ രണ്ടെണ്ണം കോണ്‍ഗ്രസ് ജയിച്ചത് മാത്രമാണ് ആശ്വാസം. മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ കോണ്‍ഗ്രസിനൊപ്പം നിന്നപ്പോൾ, ജാതി സെൻസസ് പ്രഖ്യാപനം മറ്റ് വോട്ടു ബാങ്കുകളെ അകറ്റി നിർത്തി.
എസ്പി, ബിഎസ്പി, ഗോണ്ടാന ഗണതന്ത്ര പാർട്ടികൾ മത്സരിച്ചത് കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിച്ചു. ആദിവാസി മേഖലയിൽ കോണ്‍ഗ്രസിന് ഇതു കൂടുതൽ തിരിച്ചടി നൽകി. രത്ലം ജില്ലയിലെ സൈലാന മണ്ഡലത്തിൽ ഭാരത് ആദിവാസി പാർട്ടി സ്ഥാനാർഥി കമലേശ്വർ ദോദിയാർ കോണ്‍ഗ്രസ് സ്ഥാനാർഥിയെ പാരാജയപ്പെടുത്തി. രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാർട്ടിയുടെ ആദ്യ വിജയമാണിത്.
ഇതിനിടെ, ശിവരാജ് സിംഗ് ചൗഹാൻ കാബിനറ്റിലെ ആഭ്യന്തരമന്ത്രി നരോത്തം മിശ്രയടക്കം നിരവധി പ്രമുഖർ പരാജയപ്പെട്ടു. ദാദിയയിൽ കോണ്‍ഗ്രസ് സ്ഥാനാർഥി രാജേന്ദ്രർ ഭാരതിയാണ് നരോത്തം മിശ്രയെ പരാജയപ്പെടുത്തിയത്. മന്ത്രിമാരായ അരവിന്ദ് ബോദോരിയ, മോഹൻ യാദവ്, വികാസ് സാരംഗ്, മഹേന്ദ്ര സിംഗ് സിസോയിദിയ, രാജ്യവർധൻ സിംഗ് ദത്തിഗാവ് എന്നിവരും പരാജയപ്പെട്ടു.
മാമയോ മഹാരാജോ
ന്യൂഡൽഹി: മധ്യപ്രദേശിൽ അഞ്ചാം വട്ടം വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തിയെങ്കിലും മുഖ്യമന്ത്രി ആരാകുമെന്ന് തീർച്ചയില്ല. ആദ്യ സ്ഥാനാർഥിപട്ടികയിൽനിന്ന് കേന്ദ്രനേതൃത്വം തള്ളിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോ 2020ൽ കോണ്‍ഗ്രസ് സർക്കാരിനെ മറിച്ച് ബിജെപിക്കൊപ്പം ചേർന്ന ഗ്വാളിയോർ രാജാവ് ജ്യോതിരാദിത്യ സിന്ധ്യയോ മുഖ്യമന്ത്രിയാകുമെന്നാണ് അഭ്യൂഹം. കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് പട്ടേലിന്റെയും നരേന്ദ്ര സിംഗ് തോമറിന്റെയും പേരുകൾ പരിഗണനയിലുണ്ട്. കർഷകസമരത്തിൽ നേതാക്കളുമായി ചർച്ച നടത്തി സമവായത്തിലെത്തി മോദി സർക്കാരിന്റെ മുഖം രക്ഷിച്ച മുൻതൂക്കം തോമറിനുണ്ട്.
എന്നാൽ, ഒബിസി നേതാവായ പ്രഹ്ളാദ് പട്ടേൽ മേഖലയിൽ ശക്തനാണ്. ബിജെപി ദേശീയ സെക്രട്ടറി കൈലാഷ് വിജയവർഗിയും ബിജെപി സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമയും വിജയിച്ചിട്ടുണ്ട്. 2024 പൊതു തെരഞ്ഞെടുപ്പു വരെ ചൗഹാനു മുഖ്യമന്ത്രിസ്ഥാനം നൽകി ഭരണം മുന്നോട്ടു കൊണ്ടുപോകാനാകും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.
മധ്യബാങ്കില് അക്കൗണ്ട് തുറന്ന് ആദിവാസി പാര്‍ട്ടി
രാജസ്ഥാനു പുറമേ മധ്യപ്രദേശിലും വിജയം കുറിച്ച് ഭാരത് ആദിവാസി പാർട്ടി. രാജസ്ഥാനിൽ മൂന്നു സീറ്റ് നേടിയ പാർട്ടി മധ്യപ്രദേശിലെ രത്ലാം ജില്ലയിലെ സൈലാന മണ്ഡലത്തിലും വിജയിച്ചു. കമലേശ്വർ ദോദിയാർ ആണു വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയാണു രണ്ടാമതെത്തിയത്.