രാജസ്ഥാനിൽ സിപിഎമ്മിനു രണ്ടു സിറ്റിംഗ് സീറ്റും നഷ്ടമായി
Monday, December 4, 2023 1:59 AM IST
ജയ്പുർ: രാജസ്ഥാനിൽ സിപിഎമ്മിന് രണ്ടു സിറ്റിംഗ് സീറ്റുകളും നഷ്ടമായി. 2018ൽ വിജയിച്ച ദുംഗാർഗഡ്, ഭദ്ര സീറ്റുകളിലാണു സിപിഎം തോറ്റത്. രണ്ടിടത്തും ബിജെപി വിജയിച്ചു.
ഭദ്രയിൽ വെറും 1132 വോട്ടിനാണു സിപിഎം സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ ബൽവാൻ പൂനിയ തോറ്റത്. ബിജെപിയിലെ സഞ്ജീവ്കുമാർ 10,2748 വോട്ട് നേടിയപ്പോൾ പൂനിയയ്ക്കു കിട്ടിയത് 1,01,616 വോട്ടാണ്.
ദുംഗാർഗഡിൽ കോൺഗ്രസ് സ്ഥാനാർഥി പിടിച്ച വോട്ടാണ് സിപിഎമ്മിനെ തോൽപ്പിച്ചത്. ബിജെപിയിലെ താരാചന്ദ് 65, 690 വോട്ട് നേടി വിജയിച്ചു. കോൺഗ്രസിലെ മംഗൾറാം 57,565 വോട്ടും സിപിഎമ്മിലെ ഗിരിധർ ലാൽ 56,498 വോട്ടും നേടി.
റായിസിംഗ്നഗർ മണ്ഡലത്തിൽ സിപിഎമ്മിലെ ശിവ്പത് റാം 61,057 വോട്ടോടെ രണ്ടാം സ്ഥാനം നേടി. ഇവിടെ കോൺഗ്രസാണു വിജയിച്ചത്.
ദന്താ രാംഗഡ്(20,891 വോട്ട്), നോഹർ(26,824 വോട്ട്) മണ്ഡലങ്ങളിലും സിപിഎം സ്ഥാനാർഥികൾ ശ്രദ്ധേയ പ്രകടനം നടത്തി.