കേരളത്തിന്റെ വായ്പാപരിധി കൂട്ടാൻ ഇളവു ചെയ്യില്ല: മന്ത്രി നിർമല
Tuesday, December 5, 2023 3:15 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കേരളത്തിന്റെ വായ്പാപരിധി വർധിപ്പിക്കാനായി നിബന്ധനകളിൽ ഇളവു വരുത്തില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. എന്നാൽ കേരള സർക്കാരിന്റെ സമയാസമയങ്ങളിലുള്ള ആവശ്യമനുസരിച്ച് മറ്റു സ്രോതസുകളിൽനിന്നുള്ള വായ്പയെടുക്കാവുന്നതാണെന്നും ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി വ്യക്തമാക്കി.
കേന്ദ്രസഹായത്തിനുള്ള നിബന്ധനകൾ പാലിക്കാത്ത കേരളം, പഞ്ചാബ് അടക്കം ഏഴു സംസ്ഥാനങ്ങളുടെ ഗ്രാന്റ് നൽകാതിരുന്നിട്ടുണ്ടെന്നും കേരള സർക്കാരിന്റെ ആവശ്യപ്രകാരമാണു നിബന്ധനകൾ പൂർത്തിയാക്കി സമർപ്പിക്കുന്നതുവരെ ഗ്രാന്റ് നൽകാത്തതെന്നും മന്ത്രി നിർമല പിന്നീട് "ദീപിക’യോട് പറഞ്ഞു. ഇതിൽ ചില സംസ്ഥാനങ്ങൾ നിബന്ധനകൾ പൂർത്തീകരിച്ച് തുക വാങ്ങിയിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ അക്കൗണ്ടന്റ് ജനറൽ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാമെന്നു പറഞ്ഞ കേരളം ഇതുവരെ അതു ചെയ്തിട്ടില്ല.
നിബന്ധനകൾ പാലിച്ചു റിപ്പോർട്ട് നൽകിയാൽ പണം ലഭിക്കും. അതു ചെയ്യാതെ രാഷ്ട്രീയമായി കേന്ദ്രത്തെ കുറ്റപ്പെടുത്താനാണു മുഖ്യമന്ത്രിയും കേരള സർക്കാരും ശ്രമിക്കുന്നത്. അതിനാലാണ് തിരുവനന്തപുരത്ത് എത്തിയപ്പോൾ അക്കമിട്ടു നിരത്തി താൻ മറുപടി പറഞ്ഞതെന്നും നിർമല സീതാരാമൻ ദീപികയോട് വിശദീകരിച്ചു.
രാഷ്ട്രീയനേട്ടത്തിനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഇത്തരം ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിക്കുന്നതെന്നും നിർമല പറഞ്ഞു. സംസ്ഥാനത്തിന് അർഹമായ ഒരു രൂപപോലും കേന്ദ്രം പിന്നോട്ടു വലിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ആവശ്യം
നിലവിലെ വായ്പാപരിധിക്കു പുറമെ കേരളത്തിന്റെ മൊത്ത ആഭ്യന്തര ചരക്ക് സേവന ഉത്പാദനത്തിന്റെ ഒരു ശതമാനം കൂടി അധികമായി വായ്പയെടുക്കാൻ അനുവദിക്കണമെന്നാണു കേരളം ആവശ്യപ്പെടുന്നതെന്ന് ധനമന്ത്രി പാർലമെന്റിൽ ചൂണ്ടിക്കാട്ടി.
പൊതുവിപണിയിൽനിന്നു കടമെടുക്കാനുള്ള പരിധിയിൽ 23,852 കോടി രൂപയുടെ വായ്പയെടുക്കുന്നതിന് ഇതിനകംതന്നെ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
അധിക വായ്പാപരിധിയുടെ കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ തന്നെ വായ്പാപരിധി കുറച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രനയത്തിന് അനുസരിച്ചു മാത്രമേ കേന്ദ്രത്തിനുപോലും വായ്പയെടുക്കാനാകൂ.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും കേന്ദ്രം ഗ്രാന്റ് നിഷേധിക്കുന്നുവെന്ന ആരോപണത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന കേരള സർക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നു. യഥാർഥ കാര്യങ്ങൾ അവതരിപ്പിക്കാൻ ഇതു കേന്ദ്രസർക്കാരിനെ സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
സാന്പത്തിക കാര്യങ്ങളിൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ കടുത്ത വിവേചനം കാണിക്കുകയാണെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആരോപിച്ചിരുന്നു. ഏറ്റവും കൂടുതൽ വിവേചനം നേരിടുന്നത് കേരളമാണെന്നും കേന്ദ്രനടപടിക്കെതിരേ നിയമപരമായ വഴികൾ അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.