മിഷോങ്ങ് ചുഴലിക്കൊടുങ്കാറ്റ്; ചെന്നൈയിൽ ആറു മരണം
Tuesday, December 5, 2023 3:16 AM IST
ചെന്നൈ: ഞായറാഴ്ച രാത്രിമുതൽ തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിലായി ഇന്നലെ ആറു പേർ മരിച്ചു. കാനത്തുരിലെ ഇസിആർ റോഡിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ മതിൽ തകർന്നുവീണ് ജാർഖണ്ഡിൽനിന്നുള്ള രണ്ടു തൊഴിലാളികൾ മരിച്ചു.
വൈദ്യനാഥൻ ഫ്ളൈ ഓവറിനടുത്തുള്ള പ്ലാറ്റ്ഫോമിലെ വെള്ളക്കെട്ടിൽ 70 വയസുള്ള പുരുഷന്റെ മൃതദേഹവും ഫോർഷോർ ബസ് ഷെൽട്ടറിനടുത്തുള്ള വെള്ളക്കെട്ടിൽ 60 വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി.
പാണ്ഡ്യൻ നഗറിലെ വീടിനടുത്തുകൂടി നടക്കുന്പോൾ വൈദ്യുത ലൈനിൽനിന്നു ഷോക്കേറ്റ് ഗണേശൻ(70)എന്നയാൾ മരിച്ചു. ബസന്ത് നഗറിൽ ബൈക്കിൽ യാത്ര ചെയ്യവെ മരം കടപുഴകി വീണ് മുരുകൻ(35)എന്നയാൾ മരിച്ചു.
ചെന്നൈ ബ്രോഡ്വേയിൽ നടന്നുപോകുന്നതിനിടെ പൊട്ടിവീണ വൈദ്യുത ലൈനിൽ തട്ടി ഷോക്കേറ്റ് ഡിൻഡിഗൽ സ്വദേശി പത്മനാഭൻ മരിച്ചു. വേലച്ചേരിയിൽ കെട്ടിടം തകർന്നുവീണ് ആറു പേർക്ക് പരിക്കേറ്റു.