മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും
Wednesday, December 6, 2023 1:16 AM IST
ന്യൂഡൽഹി: മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപിയെ കേന്ദ്ര ഫിഷറീസ് മന്ത്രി പുരുഷോത്തം രുപാല ലോക്സഭയിൽ അറിയിച്ചു.
മത്സ്യമേഖലയിലെ ഉപജീവനം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഇതിനായി പ്രധാനമന്ത്രി മത്സ്യ സന്പാദാ യോജന പദ്ധതി മത്സ്യബന്ധന വകുപ്പ് നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മത്സ്യത്തൊഴിലാളികൾക്കു സബ്സിഡി നിരക്കിൽ മണ്ണെണ്ണ നൽകുമോയെന്ന ചോദ്യത്തിന് പെട്രോളിയം മന്ത്രാലയമാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും നിലവിലെ ഉത്തരവ്പ്രകാരം ഒരു സാന്പത്തിക വർഷത്തിൽ പൊതുവിതരണ കേന്ദ്രത്തിന് അനുവദിക്കുന്ന മണ്ണെണ്ണയുടെ വിഹിതത്തിൽ ഒരു മാസത്തെ മണ്ണെണ്ണ മത്സ്യത്തൊഴിലാളികൾക്ക് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് വിതരണം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അവകാശമുണ്ടെന്നും അപ്രകാരം നൽകുന്ന മണ്ണെണ്ണ കേന്ദ്രം അധികമായി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.