ഡിഎംകെ എംപിയുടെ ഗോമൂത്ര സംസ്ഥാനമെന്ന പ്രയോഗം വിവാദമായി
Wednesday, December 6, 2023 1:16 AM IST
ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളെ “ഗോമൂത്ര സംസ്ഥാനങ്ങൾ’’ എന്നു ഡിഎംകെ എംപി ഡി.എൻ.വി. സെന്തിൽകുമാർ പരാമർശിച്ചതിനെച്ചൊല്ലി പാർലമെന്റിൽ ബഹളം.
ഹിന്ദിഹൃദയഭൂമിയിലെ പൊതുവേ ഗോമൂത്രമെന്നു വിളിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമേ ബിജെപിക്കു തെരഞ്ഞെടുപ്പിൽ വിജയിക്കാനാകൂവെന്നും ദക്ഷിണേന്ത്യയിൽ ജയിക്കാൻ കഴിയില്ലെന്നും പറഞ്ഞതാണു വിവാദമായത്.
നിങ്ങൾക്ക് (ബിജെപി) ദക്ഷിണേന്ത്യയിലേക്കു വരാൻ കഴിയില്ല. കേരളം, തമിഴ്നാട്, തെലുങ്കാന, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിലെ ഫലങ്ങൾ കാണുക. അവിടെ ഞങ്ങൾ വളരെ ശക്തരാണ്. ഈ സംസ്ഥാനങ്ങളെയെല്ലാം കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റാനുള്ള വഴിയുണ്ടെങ്കിൽ അതിലും അതിശയിക്കേണ്ടതില്ല. ബിജെപിക്ക് പരോക്ഷമായി അധികാരത്തിൽ വരാൻ കഴിയും.
ബിജെപിക്ക് ഒരിക്കലും കാലുകുത്താനും ദക്ഷിണേന്ത്യയുടെ നിയന്ത്രണം ഏറ്റെടുക്കാനും കഴിയില്ല- സെന്തിൽകുമാർ പറഞ്ഞു. ഇന്ത്യ സഖ്യത്തിലെ പങ്കാളിയുടെ അധിക്ഷേപകരമായ പരാമർശങ്ങളോട് കോണ്ഗ്രസ് യോജിക്കുന്നുണ്ടോയെന്ന് ബിജെപി എംപിമാർ ചോദിച്ചു.
ചെന്നൈ വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്നതുപോലെയാണ് സെന്തിൽകുമാറിന്റെ നിലവാരം താഴ്ന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ചെന്നൈയിൽ തിരിച്ചടിച്ചു. ഡിഎംകെയുടെ ദുർഭരണം കാരണം ചെന്നൈ മുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.