ചിപ്പുള്ള ഏത് മെഷീനും ഹാക്ക് ചെയ്യാമെന്ന് ദിഗ്വിജയ് സിംഗ്
Wednesday, December 6, 2023 1:16 AM IST
ഭോപ്പാൽ: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് മുതിർന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗ്. ചിപ്പുള്ള ഏത് മെഷീനും ഹാക്ക് ചെയ്യാമെന്ന് ദിഗ്വിജയ് സിംഗ് സോഷ്യൽ മീഡിയയിൽ ആരോപിച്ചു.
ചിപ്പുള്ള ഏതൊരു മെഷീനും ഹാക്ക് ചെയ്യാനാകും. ഇവിഎമ്മിലൂടെയുള്ള വോട്ടെടുപ്പിന് 2003 മുതൽ ഞാൻ എതിരാണ്. ഇന്ത്യൻ ജനാധിപത്യം പ്രഫഷണൽ ഹാക്കർമാരാൽ നിയന്ത്രിക്കപ്പെടുന്നത് നമുക്ക് അനുവദിക്കാനാകുമോ? എല്ലാ രാഷ്ട്രീയപാർട്ടികളും അഭിസംബോധന ചെയ്യേണ്ടുന്ന അടിസ്ഥാനപരമായ ചോദ്യമാണിത്.
ബഹുമാനപ്പെട്ട തെരഞ്ഞെടുപ്പു കമ്മീഷൻ, ബഹുമാനപ്പെട്ട സുപ്രീംകോടതി ദയവായി നമ്മുടെ ഇന്ത്യൻ ജനാധിപത്യത്തെ നിങ്ങൾ സംരക്ഷിക്കാമോ?’ എന്നായിരുന്നു ദിഗ്വിജയ് സിംഗിന്റെ എക്സിലെ പോസ്റ്റ്.
അതേസമയം, ദിഗ്വിജയ് സിംഗിന്റെ ആരോപണങ്ങൾക്കെതിരേ മധ്യപ്രദേശ് ബിജെപി സെക്രട്ടറി രജനീഷ് അഗർവാൾ രംഗത്ത് എത്തി. കോണ്‍ഗ്രസിന്റെ നയങ്ങൾ കാരണമാണ് പരാജയപ്പെട്ടതെന്നും അതു പരസ്യമായി സമ്മതിക്കാൻ കഴിയാത്തതിനാലാണ് ഇവിഎമ്മുകളെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിൽ 230 നിയമസഭാ സീറ്റുകളിൽ 163 സീറ്റുകൾ ബിജെപി നേടിയപ്പോൾ കോണ്‍ഗ്രസിന് 66 സീറ്റുകളാണു കിട്ടിയത്. ഭാരത് ആദിവാസി പാർട്ടി ഒരു സീറ്റും നേടി.