ബിലാസ്പുർ ഡിവിഷനിൽ മാത്രം കോൺഗ്രസിനു നേട്ടം
Wednesday, December 6, 2023 1:16 AM IST
റായ്പുർ: ഛത്തീസ്ഗഡിൽ ഭരണം നഷ്ടമായ കോൺഗ്രസിന് നേട്ടമുണ്ടാക്കാനായത് ബിലാസ്പുർ ഡിവിഷനിൽ മാത്രം.
2018ൽ കോൺഗ്രസ് 68 സീറ്റ് നേടിയപ്പോൾ നേട്ടമുണ്ടാക്കാത്ത പ്രദേശമാണു ബിലാസ്പുർ ഡിവിഷൻ എന്നതാണു ശ്രദ്ധേയം. ബിലാസ്പുർ(25 സീറ്റുകൾ), ദുർഗ്(20) റായ്പുർ(19), സർഗുജ(14), ബസ്തർ(12) എന്നിങ്ങനെ അഞ്ചു ഡിവിഷനുകളാണു ഛത്തീസ്ഗഡിലുള്ളത്.
ബിലാസ്പുരിലെ 25 സീറ്റിൽ 14 എണ്ണം കോൺഗ്രസ് നേടി. ബിജെപി പത്തും ജിജിപി ഒരു സീറ്റും നേടി. ദുർഗിൽ ബിജെപിയും കോൺഗ്രസും പത്തു വീതം സീറ്റ് നേടി. ഉപമുഖ്യമന്ത്രി ടി.എസ്. സിംഗ്ദേവിന്റെ തട്ടകമായ സർഗുജയിലെ 14 സീറ്റിലും കോൺഗ്രസ് തോറ്റു.
94 വോട്ടിനായിരുന്നു സിംഗ്ദേവ് പരാജയപ്പെട്ടത്. ആദിവാസി സ്വാധീന മേഖലയാണ് സർഗുജ. മറ്റൊരു ആദിവാസി മേഖലയായ ബസ്തറിൽ ബിജെപി എട്ടും കോൺഗ്രസ് നാലും സീറ്റ് നേടി.
മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ പാർട്ടിയായ ജെസിസി(ജെ)യുടെ സ്വാധീനമേഖലയും ബിലാസ്പുർ ഡിവിഷനായിരുന്നു. 2018ൽ അഞ്ചു സീറ്റ് നേടിയ പാർട്ടിക്ക് ഇത്തവണ ഒരിടത്തും ജയിക്കാനായില്ല. വോട്ട് വിഹിതം 7.61 ശതമാനത്തിൽനിന്ന് 1.23 ശതമാനമായി ചുരുങ്ങി.