മധ്യപ്രദേശിലെ സംവരണസീറ്റുകളിൽ ഭൂരിപക്ഷവും ബിജെപിക്ക്
Wednesday, December 6, 2023 1:16 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ 82 സംവരണ സീറ്റുകളിൽ 50 എണ്ണം ബിജെപിക്ക്. 2018നെ അപേക്ഷിച്ച് 17 സീറ്റുകൾ കൂടുതലായി ലഭിച്ചു. കോൺഗ്രസിനെ പരന്പരാഗതമായി പിന്തുണയ്ക്കുന്ന പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങളിൽ ബിജെപിയുടെ സ്വാധീനം വർധിച്ചുവെന്നാണു വിലയിരുത്തൽ. അതേസമയം, മധ്യപ്രദേശിൽ ബിജെപിയുടെ പ്രമുഖ ആദിവാസി നേതാവായ കേന്ദ്രമന്ത്രി ഫഗൻ സിംഗ് കുലാസ്തെ തോറ്റത് തിരിച്ചടിയായി.
47 പട്ടികവർഗ മണ്ഡലങ്ങളിൽ ബിജെപി 24 എണ്ണം നേടി. കോൺഗ്രസിന് 22 മണ്ഡലങ്ങളാണു ലഭിച്ചത്. 2018ൽ ബിജെപിക്ക് 15 പട്ടികവർഗ മണ്ഡലങ്ങളിലാണു വിജയിക്കാനായത്. ഒരു പട്ടികവർഗ സീറ്റിൽ ഭാരത് ആദിവാസി പാർട്ടി വിജയിച്ചു.
35 പട്ടിജാതി സംവരണ സീറ്റുകളിൽ ബിജെപിക്ക് 26 എണ്ണം ലഭിച്ചു. കോൺഗ്രസിന് ഒന്പതെണ്ണമാണു കിട്ടിയത്. കോൺഗ്രസിന് എട്ടു പട്ടികജാതി സീറ്റുകൾ നഷ്ടമായി.