കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണം: പ്രതാപൻ
Wednesday, December 6, 2023 1:16 AM IST
ന്യൂഡൽഹി: കേരളത്തോടുള്ള കേന്ദ്രസർക്കാർ അവഗണന സംസ്ഥാനത്തെ കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണെന്നും സഭാനടപടികൾ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു ടി.എൻ. പ്രതാപൻ എംപി അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി.
കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളോട് അനീതി കാണിക്കുകയാണെന്നും രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർന്നിരിക്കുകയാണെന്നും നോട്ടീസിൽ പറയുന്നു.
സ്കൂളുകളിൽ ഉച്ചക്കഞ്ഞി വിതരണം പോലും തടസപ്പെടുംവിധം രൂക്ഷമായ സാന്പത്തിക ഞെരുക്കത്തിലാണ് കേരളം. സംസ്ഥാനത്തിന് അർഹമായ വിഹിതങ്ങളോ പുതിയ പദ്ധതികളോ സാന്പത്തികസഹായങ്ങളോ കേന്ദ്രം കൃത്യമായി വിതരണം ചെയ്യുന്നില്ല.
ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട്, പ്രത്യേകിച്ച് ബിജെപിക്ക് സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളോട് തുടരുന്നത് കടുത്ത അവഗണനയും ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത അനീതിയുമാണെന്നും നോട്ടീസിൽ പറയുന്നു.