പിഎം കിസാൻ: കേരളത്തിലെ 8,79,494 കർഷകർ പുറത്ത്
Wednesday, December 6, 2023 1:17 AM IST
ന്യൂഡൽഹി: കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2023-24 വർഷം പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ആനുകൂല്യം കേരളത്തിലെ 8,79,494 കർഷകർക്കു നഷ്ടമായതായി കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമർ ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിന് ലോക്സഭയിൽ മറുപടി നൽകി.
പിഎം കിസാൻ നിധി പ്രകാരം 2018-19 മുതൽ 2023-24 വരെയുള്ള കാലയളവിൽ കേരളത്തിനു ലഭിച്ചത് 9242.69 കോടി രൂപയാണ്. ഇവ യഥാക്രമം 2018-19ൽ 9,37,390 കർഷകർക്ക് 191.60 കോടി രൂപ, 2019-20ൽ 28,82,015 കർഷകർക്ക് 1938.28 കോടി രൂപ, 2020-21ൽ 34,85,898 കർഷകർക്ക് 2,114.33 കോടി രൂപ, 2021-22ൽ 35,58117 കർഷകർക്ക് 2,186.05 കോടി രൂപ, 2022-23ൽ 34,97,757 കർഷകർക്ക് 1,598.63 കോടി രൂപ, 2023-24ൽ 26,18,263 കർഷകർക്ക് 1,213.80 കോടി രൂപ എന്നിങ്ങനെയാണു ലഭ്യമായത്.
ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്ന നിർദേശം പിൻവലിക്കില്ല. പദ്ധതിയുടെ ആനുകൂല്യം യഥാർഥ ഗുണഭോക്താവിനുതന്നെയാണ് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്താനാണു പദ്ധതിയുടെ 13-ാം ഗഡു മുതൽ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്നതു നിർബന്ധമാക്കിയതെന്നും മന്ത്രി അറിയിച്ചു.