ഖലിസ്ഥാൻ തീവ്രവാദി ലഖ്ബീർ സിംഗ് റോഡെ പാക്കിസ്ഥാനിൽ അന്തരിച്ചു
Wednesday, December 6, 2023 2:48 AM IST
ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിംഗ് റോഡെ പാക്കിസ്ഥാനിൽ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് റാവൽപിണ്ടിയിലെ ആശുപത്രിയിലാണ് അന്ത്യം. ഖലിസ്ഥാൻ ഭീകരൻ ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ മരുമകനാണ്. 1984ൽ ഭിന്ദ്രൻവാല കൊല്ലപ്പെട്ടതിനെത്തുടർന്ന് ലഖ്ബീർ സിംഗ് പാക്കിസ്ഥാനിൽ അഭയം തേടുകയായിരുന്നു.
പഞ്ചാബിലെ മോഗ ജില്ലയിലാണ് ലഖ്ബീർ സിംഗ് റോഡെ ജനിച്ചത്. ഖലിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് തലവനായ ഇയാളെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ അഭ്യർഥന പ്രകാരം ലഖ്ബീറിനെതിരേ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പഞ്ചാബിൽ ഭീകരപ്രവർത്തനത്തിനായി ആയുധങ്ങളും സ് ഫോടകവസ്തുക്കളും ലഖ്ബീർ അയച്ചിരുന്നു. വിവിഐപികളെ വധിക്കാൻ ഇയാൾ ഗൂഢാലോചന നടത്തിയിരുന്നു. മയക്കുമരുന്നു വ്യാപാരവും ലഖ്ബീർ നടത്തിയിരുന്നു.
2021 സെപ്റ്റംബർ 15ന് പഞ്ചാബിലെ ഫസിൽകയിലെ ടിഫിൻ ബോംബ് സ്ഫോടനക്കേസിൽ ഇയാൾക്കെതിരേ പോലീസ് കേസെടുത്തു. സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ ലഖ്ബീറായിരുന്നു. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരർക്കുവേണ്ടിയായിരുന്നു ലഖ്ബീർ സ്ഫോടനം ആസൂത്രണം ചെയ്തത്.