മദർ തെരേസ അവാർഡ് അനിൽ ബോസിന്
Thursday, December 7, 2023 1:38 AM IST
ന്യൂഡൽഹി: ഈ വർഷത്തെ ഭാരതരത്ന മദർ തെരേസ ഗോൾഡ് മെഡൽ അവാർഡ് കോണ്ഗ്രസ് പാർട്ടി വക്താവ് അഡ്വ. അനിൽ ബോസിന്. രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങൾക്കും ദേശീയ ഐക്യത്തിനുവേണ്ടി കന്യാകുമാരി മുതൽ കാഷ്മീർ വരെ ഭാരത ജോഡോയാത്രയിലെ മുഴുവൻ സമയ പങ്കാളിത്തത്തിനുമാണ് അവാർഡ്.
ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇക്കണോമിക് പ്രോഗ്രസ് ആൻഡ് റിസർച്ച് ഓർഗനൈസേഷനാണ് അവാർഡ് പ്രഖ്യാപിച്ചത്. ജസ്റ്റീസ് പത്മനാഭ കെദിലിയയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ഈ മാസം 30ന് ബംഗളൂരുവിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.ഐ.എസ്. ബാഷ അറിയിച്ചു. ആലപ്പുഴ സ്വദേശിയായ അനിൽ ബോസ്, സുപ്രീംകോടതി ബാർ അസോസിയേഷൻ അംഗവും അഖിലേന്ത്യാ കോണ്ഗ്രസ് കമ്മിറ്റിയുടെ അസംഘടിത തൊഴിലാളി കോണ്ഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമാണ്. ഈ അവാർഡ് ലഭിക്കുന്ന കേരളത്തിൽനിന്നുള്ള ആദ്യവ്യക്തിയാണ് അദ്ദേഹം.
ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ, വ്യാവസായിക മേഖലയിലെ സംഭാവനകൾ, ശാസ്ത്രമേഖലയിലെ പ്രവർത്തനങ്ങൾ, സാമൂഹിക പ്രവർത്തനം എന്നിങ്ങനെയുള്ള വിവിധതലങ്ങളിൽ പ്രഗല്ഭ്യം തെളിയിക്കുന്ന 20 ഓളം വ്യക്തികൾക്കാണ് അവാർഡ്.