വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റ് : അന്വേഷണം ആരംഭിച്ച് ഡൽഹി സർക്കാർ
Thursday, December 7, 2023 1:38 AM IST
ന്യൂഡൽഹി: അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ച് വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണത്തിൽ അന്വേഷണം ആരംഭിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (നോട്ടോ) നിർദേശപ്രകാരമാണു ഡൽഹി സർക്കാർ അന്വേഷണം ആരംഭിച്ചത്.
ആരോപണം വിശദമായി അന്വേഷിക്കാൻ സമിതി രൂപീകരിച്ചെന്ന് ഡൽഹി ആരോഗ്യ സെക്രട്ടറി അറിയിച്ചു. വൃക്കദാതാക്കളുടെയും രോഗികളുടെയും വിവരങ്ങൾ ആശുപത്രിയിൽനിന്നു തേടിയിട്ടുണ്ട്.
ആശുപത്രി അധികൃതരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ, വിഷയം പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാനും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും ആരോഗ്യ സെക്രട്ടറിയോട് നോട്ടോ ഡയറക്ടർ ഡോ. അനിൽ കുമാർ ആവശ്യപ്പെട്ടിരുന്നു.
മ്യാൻമറിലെ ഗ്രാമീണ യുവാക്കൾക്ക് പണം നൽകി ഡൽഹിയിലെത്തിച്ച് വൃക്ക മാറ്റിവയ്ക്കൽ നടത്തുന്നുവെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ടെലഗ്രാഫ് പത്രമാണ് റിപ്പോർട്ട് ചെയ്തത്. സന്പന്നരായ രോഗികൾക്കാണ് അവയവം കൈമാറുന്നതെന്നും ഡിസംബർ മൂന്നിന് പുറത്തുവന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മ്യാൻമറിൽ ഡോക്ടറായ ഒരാളെ അപ്പോളോ ആശുപത്രി പ്രതിനിധിയായി നിയമിച്ചിരുന്നു. ഈ ഡോക്ടറുടെ നേതൃത്വത്തിലാണ് തട്ടിപ്പു നടന്നത്. പദ്മശ്രീ ജേതാവും അപ്പോളോ ഗ്രൂപ്പ് അംഗവുമായ ഡോ. സന്ദീപ് ഗുലെരിയെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.
വ്യാജ ഐഡി കാർഡുപയോഗിച്ച് മ്യാൻമറിൽനിന്ന് ആളുകളെയെത്തിച്ച് വൃക്കതട്ടിപ്പ് നടത്തിയതെന്നും ഒരു രോഗിയിൽനിന്നു 30 ലക്ഷം രൂപ വരെ വാങ്ങിയിരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മ്യാൻമറിലെ പ്രതിനിധിയെ പുറത്താക്കിയെന്ന് അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു.