രേവന്തിന്റെ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് വട്ടപ്പൂജ്യം
Thursday, December 7, 2023 1:39 AM IST
ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ ലോക്സഭാ മണ്ഡലമായ മൽകാജ്ഗിരിയിൽ കോൺഗ്രസ് വട്ടപ്പൂജ്യം.
മൽകാജ്ഗിരി ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള മെഡ്ചൽ, മൽകാജ്ഗിരി, ഖുത്ബല്ലാപുർ, കുകട്പള്ളി, ഉപ്പൽ, ലാൽ ബഹാദൂർ നഗർ, സെക്കന്ദരാബാദ് കന്റോൺമെന്റ് മണ്ഡലങ്ങളിലെല്ലാം വിജയിച്ചത് ബിആർഎസ് സ്ഥാനാർഥികളാണ്. ഉപ്പൽ, ഖുത്ബല്ലാപുർ, സെക്കന്ദരാബാദ് കന്റോൺമെന്റ് മണ്ഡലങ്ങളിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തായി.
ഉപ്പലിൽ പ്രമുഖ നേതാവ് മധു യാസ്ഖി ഗൗഡും സെക്കന്ദരാബാദിൽ വിപ്ലവി കവി ഗദ്ദറിന്റെ മകൾ വെനേലയുമായിരുന്നു കോൺഗ്രസ് സ്ഥാനാർഥികൾ. വോട്ടർമാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്തുള്ള മൽകാജ്ഗിരി ലോക്സഭാ മണ്ഡലത്തിൽ ആന്ധ്രപ്രദേശുകാരാണു ഭൂരിപക്ഷം.
രേവന്തിനൊപ്പം ഉത്തംകുമാർ റെഡ്ഢി, കോമാടിറെഡ്ഢി വെങ്കട്ട് റെഡ്ഢി എന്നീ ലോക്സഭാംഗങ്ങളും നിയമസഭയിലേക്കു വിജയിച്ചു. ഉത്തംകുമാർ റെഡ്ഢിയുടെ ലോക്സഭാ മണ്ഡലമായ നൽഗോണ്ടയിലെയും വെങ്കട്ട് റെഡ്ഢിയുടെ മണ്ഡലമായ ഭോംഗിറിലെയും ഏഴിൽ ആറു നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് വിജയിച്ചു. ഈ നിയമസഭാ മണ്ഡലങ്ങളിൽ വൻ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടത്.