പൊതുതെരഞ്ഞെടുപ്പിനു മുന്പ് ഡിജിറ്റൽ ഇന്ത്യ ആക്ട് നിലവിൽ വരില്ല: രാജീവ് ചന്ദ്രശേഖർ
Thursday, December 7, 2023 2:03 AM IST
ന്യൂഡൽഹി: പുതിയ ഡിജിറ്റൽ ഇന്ത്യ നിയമം അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്പ് നടപ്പിലാക്കാൻ കഴിഞ്ഞേക്കില്ലെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.
ഡിജിറ്റൽ ഇന്ത്യ നിയമം നടപ്പിലാക്കാൻ വിപുലമായ കൂടിയാലോചനകൾ ആവശ്യമാണെന്നും നിലവിലെ സാഹചര്യത്തിൽ അതിനുള്ള സമയമില്ലെന്നും ലോബൽ ടെക്നോളജി ഉച്ചകോടിയിൽ പ്രസംഗിക്കവെ മന്ത്രി വ്യക്തമാക്കി.
2000 ൽ പുറത്തിറക്കിയ ഐടി നിയമമാണ് ഇപ്പോഴും പിന്തുടരുന്നത്. 23 വർഷത്തിലേറെ പഴക്കമുള്ള നിയമത്തിൽ ഇന്റർനെറ്റ് എന്ന വാക്കുപോലുമില്ല. നിയമം പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചു. എന്നാൽ പുതിയ ഡിജിറ്റൽ ഇന്ത്യ നിയമത്തിന്റെ കരട് തയാറായിട്ടുണ്ടെന്നും വിശദമായ കൂടിയാലോചനകൾ ആവശ്യമായതിനാൽ സമയമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ നല്ല വശങ്ങളെ പ്രയോജനപ്പെടുത്തുക എന്നതാണു രാജ്യത്തിന്റെ നിലപാടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വരാനിരിക്കുന്ന വർഷങ്ങളിൽ ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ രംഗത്തും വിദ്യാഭ്യാസ മേഖലയിലും ആർട്ടിഫിഷൽ ഇന്റലിജൻസ് വലിയ പങ്ക് വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആർട്ടിഫിഷൽ ഇന്റലിജൻസിനെ അമിതമായി വിലക്കരുതെന്നാണ് രാജ്യത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.