ജമ്മു-കാഷ്മീരിലും നെഹ്റുവിനെ കുറ്റപ്പെടുത്തി അമിത് ഷാ
Thursday, December 7, 2023 2:09 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: സുപ്രധാനമായ രണ്ടു ജമ്മു-കാഷ്മീർ ബില്ലുകളുടെ ചർച്ചയ്ക്കിടയിലും പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ കുറ്റപ്പെടുത്താൻ മറക്കാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നെഹ്റുവിന്റെ രണ്ടു മണ്ടത്തരങ്ങളാണ് ജമ്മു-കാഷ്മീരിന് ദുരിതമുണ്ടാക്കിയതെന്ന ഷായുടെ പരാമർശത്തിനെതിരേ കോണ്ഗ്രസ് എംപിമാർ പ്രതിഷേധിച്ചു; തുടർന്നു വാക്കൗട്ട് നടത്തി.
ജമ്മു-കാഷ്മീർ നിയമസഭയിൽ ഒരു സീറ്റ് പാക് അധിനിവേശ കാഷ്മീരിൽനിന്നു കുടിയിറക്കപ്പെട്ടവർക്കും ഒരു വനിതയടക്കം രണ്ടു സീറ്റുകൾ കാഷ്മീർ താഴ്വരയിൽനിന്നു പലായനം ചെയ്യേണ്ടിവന്ന കാഷ്മീരി പണ്ഡിറ്റുകൾക്കുമായി സംവരണം ചെയ്യുന്നത് അടക്കമുള്ള വ്യവസ്ഥകളോടെയുള്ള രണ്ടു ബില്ലുകൾ ലോക്സഭ പാസാക്കി. ജമ്മു-കാഷ്മീർ സംവരണ ഭേദഗതി ബിൽ- 2023, ജമ്മു- കാഷ്മീർ പുനഃസംഘടനാ ഭേദഗതി ബിൽ- 2023 എന്നിവയാണു ബില്ലുകൾ.
പ്രധാനമന്ത്രി നെഹ്റു ചെയ്ത രണ്ടു മണ്ടത്തരങ്ങൾ കാരണമാണു പാക് അധിനിവേശ കാഷ്മീർ ഉണ്ടായതെന്ന് അമിത് ഷാ ആരോപിച്ചു. പാക് അധിനിവേശ പ്രദേശം പിടിച്ചെടുക്കാൻ രണ്ടു ദിവസംകൂടി കാത്തുനിൽക്കാതെ ആദ്യം വെടിനിർത്തൽ പ്രഖ്യാപിച്ചതാണു തെറ്റിയത്. പിന്നീട് ഐക്യരാഷ്ട്രസഭയിലേക്ക് കാഷ്മീർ വിഷയം കൊണ്ടുപോകുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.
ജമ്മു-കാഷ്മീരിനെക്കുറിച്ചും നെഹ്റുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഒരു ദിവസത്തെ ചർച്ചയ്ക്കു തയാറുണ്ടോയെന്ന് ഇതിനിടെ ലോക്സഭയിലെ കോണ്ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ചോദിച്ചു.
എന്നാൽ ചർച്ചയ്ക്കു തയാറാണെന്നും കോണ്ഗ്രസ് ഒരുക്കമാണെങ്കിൽ ഉടൻ ചർച്ചയാകാമെന്നും അമിത് ഷാ തിരിച്ചടിച്ചു. ഇതോടെ വാക്കാൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞ് അധീർ രഞ്ജൻ തടിതപ്പി. വോട്ടുബാങ്ക് രാഷ്ട്രീയം പരിഗണിക്കാതെ തുടക്കത്തിൽത്തന്നെ തീവ്രവാദത്തെ നേരിട്ടിരുന്നെങ്കിൽ കാഷ്മീരി പണ്ഡിറ്റുകൾക്ക് കാഷ്മീർ താഴ്വര വിടേണ്ടിവരില്ലായിരുന്നുവെന്നും ഷാ പറഞ്ഞു.
കാഷ്മീരി പണ്ഡിറ്റുകളുടെ ഏകദേശം 46,631 കുടുംബങ്ങൾ സ്വന്തം രാജ്യത്ത് അഭയാർഥികളായി ജീവിക്കാൻ നിർബന്ധിതരായി. പലായനം തടയാൻ ഉത്തരവാദപ്പെട്ടവർ ഇംഗ്ലണ്ടിൽ അവധിക്കാലം ആസ്വദിക്കുകയായിരുന്നെന്നും അമിത് ഷാ പരിഹസിച്ചു. പണ്ഡിറ്റുകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്കു പ്രാതിനിധ്യം നൽകാനുമാണ് പുതിയ ബില്ലുകൾ.
ജമ്മു-കാഷ്മീർ രണ്ടാക്കി മുറിച്ചതിനും അനുച്ഛേദം 370 റദ്ദാക്കിയതിനും എതിരേയുള്ള കേസുകൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്പോൾ ഈ ബില്ലുകൾ പാസാക്കുന്നതിൽ പ്രതിപക്ഷ എംപിമാർ എതിർപ്പ് അറിയിച്ചു. എന്നാൽ, സർക്കാർ നടപടി കോടതി സ്റ്റേ ചെയ്തിട്ടില്ലെന്ന് അമിത് ഷാ വിശദീകരിച്ചു.