തലമുറമാറ്റത്തിനു ബിജെപി നീക്കം
Thursday, December 7, 2023 2:09 AM IST
സെബിൻ ജോസഫ്
ന്യൂഡൽഹി: മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും നിശ്ചയിക്കുന്നതിനായി ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലും ഇന്നലെ ബിജെപി ഓഫീസിലും പ്രത്യേകം യോഗം ചേർന്നു. മുഖ്യമന്ത്രി, മന്ത്രി സ്ഥാനങ്ങളിൽ തലമുറമാറ്റമാണു ബിജെപി കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നത്. 2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടു മന്ത്രിസഭകൾ രൂപീകരിക്കാനാണു നീക്കം.
തലമുറമാറ്റമാണ് ബിജെപി ആഗ്രഹിക്കുന്നതെങ്കിൽ രാജസ്ഥാനിൽ രാജ് വർധൻ സിംഗ് റാത്തോഡ്, ദിയ കുമാരി, കിരോഡി ലാൽ മീണ എന്നിവർക്കും ബാബാ ബാലക്നാഥിനും സാധ്യതയുണ്ട്. കിരോഡി ലാൽ മീണ ശക്തനായ എസ്ടി നേതാവാണ്. 70 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന് മുൻ മുഖ്യമന്ത്രി വസുന്ധര രാജെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പാർട്ടി പിളർത്തി സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിന് അവർ മുതിരാൻ സാധ്യതയില്ല. ദിയ കുമാരി ഡൽഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷൻ നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മധ്യപ്രദേശിൽ ലാഡ്ലി ബെഹന പ്രഭാവത്തിൽ ബിജെപി വിജയിച്ചതിനാൽ ശിവരാജ് സിംഗ് ചൗഹാനെ തത്കാലം മാറ്റില്ല. കേന്ദ്രമന്ത്രിമാരായ തോമറും പട്ടേലും ഉപമുഖ്യമന്ത്രിമാരായേക്കും. ഛത്തീസ്ഗഡിൽ മുൻ മുഖ്യമന്ത്രി രമണ്‍ സിംഗിനെയും സംസ്ഥാന അധ്യക്ഷൻ അരുണ്‍ സാവോവിനെയുമാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒബിസി കാർഡ് ഇറക്കി കളിക്കാൻ ബിജെപി ശ്രമിക്കുന്നതിനാൽ ആ വിഭാഗത്തിലെ നേതാവിനാകും സാധ്യത കൂടുതൽ. പ്രഹ്ളാദ് പട്ടേലും അരുണ്‍ സാവോയും ആ വിഭാഗത്തിലെ പ്രബലരായ നേതാക്കന്മാരാണ്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച രണ്ട് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ പത്ത് എംപിമാർ രാജിവച്ചു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച നരേന്ദ്ര സിംഗ് തോമർ കേന്ദ്ര കൃഷിമന്ത്രിയും പ്രഹ്ലാദ് പട്ടേൽ കേന്ദ്ര ജൽശക്തി സഹമന്ത്രിയുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായും കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു ഇവരുടെ രാജി. രാജിവച്ചവരിൽ ഒന്പതുപേർ ലോക്സഭാംഗങ്ങളും ഒരാൾ രാജ്യസഭാംഗവുമാണ്.
രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗം ബാബ ബാലക്നാഥും ഛത്തീസ്ഗഡിൽനിന്നുള്ള കേന്ദ്ര ആദിവാസികാര്യ സഹമന്ത്രി രേണുക സിംഗും അതത് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് ജയിച്ചിട്ടുണ്ടെങ്കിലും രാജി സമർപ്പിച്ചിട്ടില്ല. ഇരുവരും വരുംദിവസങ്ങളിൽ രാജി സമർപ്പിക്കുമെന്നാണ് വിവരം. അതേസമയം, രണ്ടു മന്ത്രിമാർ രാജിവച്ചതോടെ കേന്ദ്രമന്ത്രിസഭയിൽ പുനഃസംഘടന ഉറപ്പായി. 2021 ജൂലൈയിൽ 36 പുതുമുഖങ്ങളെ ഉൾപ്പെടെ 43 മന്ത്രിമാരെ ഉൾപ്പെടുത്തിയാണ് കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.
ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ല
ലോക്സഭയിൽനിന്നുള്ള ഒന്‍പത് അംഗങ്ങൾ രാജിവച്ചെങ്കിലും ഉപതെരഞ്ഞെടുപ്പ് നടക്കാനിടയില്ല. അടുത്ത വർഷം മേയിൽ 17-ാം ലോക്സഭയുടെ കാലാവധി അവസാനിക്കും. കിരോഡി ലാൽ മീണയുടെ രാജ്യസഭാ കാലാവധി അവസാനിക്കാൻ നാലു മാസം മാത്രമുള്ളതിനാൽ ആ സീറ്റിലും തെരഞ്ഞെടുപ്പു നടക്കില്ല. ആറു മാസത്തിൽ കൂടുതൽ കാലാവധിയുണ്ടെങ്കിൽ മാത്രമേ തെരഞ്ഞെടുപ്പു നടക്കൂ.