ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കൽ: മാർഗനിർദേശത്തിനു കൂടുതൽ സമയം തേടി കേന്ദ്രം
Friday, December 8, 2023 5:51 AM IST
ന്യൂഡൽഹി: മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതിന് മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു കേന്ദ്രസർക്കാർ. ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാംശു ധുലിയ എന്നിവരടങ്ങിയ ബെഞ്ചിനെ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവാണ് ഇക്കാര്യം അറിയിച്ചത്.
മാർഗനിർദേശങ്ങൾ വേണമെന്ന വാദത്തെ സർക്കാരും അംഗീകരിക്കുന്നുവെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി. മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതിനായി സമിതി രൂപീകരിച്ചിട്ടുണ്ട്. ഹർജിക്കാർക്കും സമിതി മുന്പാകെ നിർദേശങ്ങൾ നൽകാം. സമിതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പിന്നീട് വിശദീകരിക്കാമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞപ്പോൾ കേസ് ആരംഭിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും മാർഗനിർദേശം രൂപീകരിക്കാത്തത് എന്താണെന്ന് കോടതി ചോദിച്ചപ്പോഴാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.