തെലുങ്കാനയുടെ ഉരുക്കുവനിത സീതക്കയ്ക്കു മന്ത്രിസ്ഥാനം
Friday, December 8, 2023 5:52 AM IST
ഹൈദരാബാദ്: തെലുങ്കാനയുടെ ഉരുക്കുവനിത എന്നറിയപ്പെടുന്ന സീതക്ക എന്ന ഡി. അനസൂയയ്ക്ക് ലഭിച്ചത് ആദിവാസ ക്ഷേമ വകുപ്പ്. മുളഗു മണ്ഡലത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട അന്പത്തിരണ്ടുകാരിയായ സീതക്കു ഒരു കാലത്ത് മാവോയിസ്റ്റ് പ്രവർത്തകയായിരുന്നു. ജഗ്ഗനാഗുഡം ഗ്രാമത്തിൽ ആദിവാസി കോയ വിഭാഗത്തിലാണ് സീതക്ക ജനിച്ചത്.
പതിനാലാം വയസിൽ ജനശക്തി നക്സൽ ഗ്രൂപ്പിൽ അംഗമായി. 1987ലായിരുന്നു അത്. പത്തു കൊല്ലത്തിനകം മാവോയിസത്തോടു വിടപറഞ്ഞ സീതക്ക പോലീസിനു മുന്പാകെ കീഴടങ്ങി. മാവോയിസ്റ്റുകൾക്കുള്ള പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കീഴടങ്ങൽ. പഠനം തുടർന്ന സീതക്ക 2022ല് അഭിഭാഷകയായി. ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽനിന്നു പിഎച്ച്ഡി നേടി.
2004ൽ ടിഡിപിയിലൂടെയായിരുന്നു സീതക്കയുടെ രാഷ്ട്രീയ പ്രവേശനം. അക്കൊല്ലം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുളുഗു മണ്ഡലത്തിൽ പരാജയപ്പെട്ടു. 2009ൽ കോൺഗ്രസ് സ്ഥാനാർഥിയെ വൻ മാർജിനിൽ പരാജയപ്പെടുത്തി. 2014ൽ വീണ്ടും പരാജയം നേരിട്ടു. 2017ൽ ടിഡിപി വിട്ട് കോൺഗ്രസിലെത്തി. അഖിലേന്ത്യ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിസ്ഥാനം സീതക്കയ്ക്കു ലഭിച്ചു. 2018ൽ മുളുഗു മണ്ഡലത്തിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചു.
2020ൽ കോവിഡിനെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിൽ തെലുങ്കാന-ഛത്തീസ്ഗഡ് അതിർത്തിയിലെ 400 ഗ്രാമങ്ങളിൽ സീതക്ക ഭക്ഷണമുൾപ്പെടെ അവശ്യവസ്തുക്കൾ വിതരണം ചെയ്തു. ഇത്തവണ 33,700 വോട്ടിനാണു മുളുഗു മണ്ഡലത്തിൽ വിജയിച്ചത്.