ആദിത്യ എൽ 1 സൂര്യന്റെ ചിത്രം പകർത്തി
Saturday, December 9, 2023 1:17 AM IST
ബംഗളൂരു: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ1 ബഹിരാകാശ പേടകത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് (എസ്യുഐടി) അൾട്രാവയലറ്റ് തരംഗദൈർഘ്യത്തിനു സമീപമുള്ള സൂര്യന്റെ ചിത്രങ്ങൾ വിജയകരമായി പകർത്തിയതായി ഐഎസ്ആർഒ.
200-400 എൻഎം തരംഗദൈർഘ്യ പരിധിയിലുള്ള ചിത്രങ്ങളാണു പകർത്തിയത്. വിവിധ ശാസ്ത്രീയ ഫിൽട്ടറുകൾ ഉപയോഗിച്ച് ഈ തരംഗദൈർഘ്യ ശ്രേണിയിലുള്ള സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങൾ പകർത്താനുള്ള ശേഷി എസ്യുഐടിക്കുണ്ട്.
സൂര്യന്റെ പ്രകാശമണ്ഡലത്തിന്റെയും ക്രോമോസ്ഫിയറിന്റെയും സങ്കീർണമായ വിശദാംശങ്ങളിലേക്ക് ശാസ്ത്രജ്ഞർക്ക് ഉൾക്കാഴ്ചകൾ നൽകുന്ന ചിത്രം സൗരകളങ്കങ്ങൾ, ശാന്തമായ സൂര്യമേഖലകൾ എന്നിവയടങ്ങിയതാണ്. എസ്യുഐടി ശാസ്ത്രജ്ഞരെ കാന്തിക സൗര അന്തരീക്ഷത്തിന്റെ ചലനാത്മക സംയോജനത്തെക്കുറിച്ച് പഠിക്കാൻ സഹായിക്കും.
പൂനയിലെ ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് എസ്യുഐടി വികസിപ്പിച്ചത്.