ഒഡീഷയിൽ ആദായനികുതി റെയ്ഡ് പിടിച്ചെടുത്തത് 220 കോടി
Saturday, December 9, 2023 1:17 AM IST
ഭുവനേശ്വർ: ഒഡീഷയിലെ ബൗധ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡ് കന്പനി ഉടമകളുടെ വീടുകളിലും ഫാക്ടറികളിലും ഗോഡൗണുകളിലും വരുമാനനികുതി വകുപ്പ് നടത്തിവരുന്ന റെയ്ഡിൽ വ്യാഴാഴ്ചവരെ കണ്ടെത്തിയത് 220 കോടി രൂപ.
നികുതിവെട്ടിപ്പിലൂടെ പൂഴ്ത്തിവച്ച നോട്ടുകെട്ടുകളടങ്ങിയ 56 ബാഗുകൾ റെയ്ഡിന്റെ മൂന്നാംദിനമായ ഇന്നലെ ബൊലാംഗിർ ജില്ലയിലെ സുദാപദയിൽനിന്ന് ഐടി വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇവയിൽ ആറു ബാഗുകളിലെ 20 കോടി രൂപമാത്രമാണ് ഇന്നലെ എണ്ണിത്തിട്ടപ്പെടുത്താനായത്.
നാൽപ്പതു ബാഗുകൾകൂടി എണ്ണിത്തിട്ടപ്പെടുത്തുന്പോൾ 500 കോടിക്കു മുകളിൽ വരുമെന്നാണു നിഗമനം. മദ്യനിർമാണക്കന്പനിയുടെ സാംബൽപുർ, ബൊലാംഗിർ, തിതിലഗഢ്, ബോധ്, സുന്ദർഗഢ്, റൗർക്കേല, ഭുവനേശ്വർ എന്നിവിടങ്ങളിലെ ഫാക്ടറികളിലും ഓഫീസുകളിലുമായിരുന്നു ഐടി റെയ്ഡ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
അതേസമയം, പൊതുജനങ്ങളുടെ പണം അവർക്കു തിരികെ നല്കുമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു. നോട്ടുകെട്ടുകൾ നോക്കി നിങ്ങളുടെ രാഷ്ട്രീയ നേതാക്കൾ നടത്തിയ വാഗ്ദാനങ്ങളും പ്രസ്താവനകളും ഒന്ന് ഓർമിച്ചുനോക്കൂ എന്നും മോദി കുറിച്ചു. വരുമാന നികുതി ഉദ്യോഗസ്ഥർ പിടിച്ചെടുത്ത നോട്ടുകെട്ടുകളുടെ വിവരണങ്ങളടങ്ങിയ പത്രവാർത്തയും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
മദ്യക്കന്പനിയുമായി ബന്ധം ആരോപിക്കപ്പെടുന്ന ജാർഖണ്ഡിലെ എംപിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായിട്ടില്ല. അതേസമയം, ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡിക്ക് സംസ്ഥാനത്തെ കോടികളുടെ ഐടി റെയ്ഡ് തിരിച്ചടിയായി.