ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടില്ല: മീനാക്ഷി ലേഖി
Sunday, December 10, 2023 1:33 AM IST
ന്യൂഡൽഹി: പലസ്തീൻ ഭീകരസംഘടനയായ ഹമാസിനെ ഇന്ത്യയിൽ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട രേഖയിൽ ഒപ്പുവച്ചുവെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി.
ഹമാസ് വിഷയത്തിൽ കെ. സുധാകരൻ എംപിക്ക് മീനാക്ഷി ലേഖി നൽകിയ മറുപടി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും തെറ്റായ രേഖ പ്രചരിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
ഹമാസിനെ ഇന്ത്യയിൽ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട ഒരു രേഖയിലും താൻ ഒപ്പിട്ടിട്ടില്ലെന്ന് മീനാക്ഷി ലേഖി എക്സിൽ കുറിച്ചു. തന്റെ പേരിൽ ഇങ്ങനെയൊരു ഉത്തരം എങ്ങനെ വന്നുവെന്ന് അന്വേഷിക്കാൻ വിദേശകാര്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടതായും പ്രധാനമന്ത്രിയെയും വിദേശകാര്യമന്ത്രിയെയും വിവരം അറിയിച്ചുവെന്നും തെറ്റ് ചെയ്തവർക്കെതിരേ കർശന നടപടി വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ ഇന്ത്യൻ സർക്കാരിന് എന്തെങ്കിലും നിർദേശമുണ്ടോയെന്നും ഇതുസംബന്ധിച്ച് ഇസ്രയേൽ സർക്കാർ എന്തെങ്കിലും ആവശ്യമുന്നയിച്ചിട്ടുണ്ടോ എന്നുമായിരുന്നു കെ.സുധാകരന്റെ ചോദ്യം.
ഒരു സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിന്റെ പരിധിയിൽ വരുമെന്നും ഏതെങ്കിലും സംഘടനയെ തീവ്രവാദിയായി പ്രഖ്യാപിക്കുന്നത് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് പരിഗണിക്കുമെന്നും മീനാക്ഷി ലേഖി മറുപടിയിൽ വ്യക്തമാക്കിയിരുന്നു.
ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ നയോർ ഗിലോണ്‍ കേന്ദ്രത്തോട് അഭ്യർഥിച്ചിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ഇതുവരെ അത്തരത്തിൽ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല.