തെലുങ്കാനയിലും സ്ത്രീകൾക്ക് ഇനി സൗജന്യ ബസ് യാത്ര
Sunday, December 10, 2023 1:33 AM IST
ഹൈദരാബാദ്: കർണാടകയ്ക്കു പിന്നാലെ തെലുങ്കാനയിലും ഇനി സ്ത്രീകൾക്കു ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. പ്രചാരണവേളയിലും പ്രകടനപത്രികയിലും കോൺഗ്രസ് പ്രഖ്യാപിച്ച ഈ വാഗ്ദാനം ഇന്നലെമുതൽ പ്രാബല്യത്തിലായി.
സ്ത്രീകൾക്കു സർക്കാർ ബസുകളിൽ സൗജന്യ യാത്രയ്ക്കു പുറമെ മറ്റൊരു തെരഞ്ഞെടുപ്പുവാഗ്ദാനമായ പാവപ്പെട്ടവർക്ക് പത്തു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയും നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ഇന്നലെ പ്രഖ്യാപിച്ചു.
പാർട്ടി മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ജന്മദിനം പ്രമാണിച്ചായിരുന്നു ഈ പദ്ധതിപ്രഖ്യാപനം. ഇതോടെ കോൺഗ്രസ് മുന്നോട്ടുവച്ച ആറു വാഗ്ദാനങ്ങളിൽ മൂന്നെണ്ണം അധികാരമേറ്റ് മൂന്നു ദിവസത്തിനുള്ളിൽ നടപ്പിലാക്കിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഹൈദരാബാദിലെ ഔദ്യോഗിക വസതിക്കു ചുറ്റിലുമുള്ള കൂറ്റൻ ഇരുന്പുവേലി നീക്കം ചെയ്യുമെന്ന വാഗ്ദാനം അധികാരമേറ്റ ദിവസംതന്നെ മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പാലിച്ചിരുന്നു.