ജനപ്രിയൻ മോദിതന്നെ; സർവേ റിപ്പോർട്ട് പുറത്ത്
Sunday, December 10, 2023 1:33 AM IST
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളുടെ പട്ടികയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാമത്.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മോർണിംഗ് കണ്‍സൾട്ട് എന്ന സ്ഥാപനത്തിന്റെ "ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗ് ട്രാക്കർ' സർവേയുടേതാണു കണ്ടെത്തൽ. ഇന്ത്യയിൽ 76 ശതമാനം പേർ മോദിയുടെ നേതൃത്വം അംഗീകരിക്കുന്നുവെന്ന് സർവേ റിപ്പോർട്ടിൽ പറയുന്നു.
ഉയർന്ന ജനപിന്തുണയുള്ള ലോകനേതാക്കളിൽ മെക്സിക്കോയുടെ പ്രസിഡന്റായ ആൻഡ്രെസ് മാനുവൽ ലോപ്പസ് ഒബ്രാഡോറാണ് രണ്ടാമത്. 66 ശതമാനമാണ് ഇദ്ദേഹത്തിനുള്ള പിന്തുണ.
58 ശതമാനം നേടിയ സ്വിറ്റ്സർലൻഡ് പ്രസിഡന്റ് അലെയ്ൻ ബെർസെറ്റാണ് മൂന്നാമത്. നവംബർ 29 മുതൽ ഈമാസം അഞ്ചുവരെയുള്ള കാലയളവിൽ നടത്തിയ സർവേയുടെ ഫലമാണിത്.
എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള പ്രായപൂർത്തിയായ ജനങ്ങളെ പങ്കെടുപ്പിച്ചാണു സർവേ നടത്തിയത്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഒന്‍പതാം സ്ഥാനത്താണ്. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജിയോർജിയ മെലോനി, ബെൽജിയം പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂ എന്നിവരാണ് നാലുമുതൽ ഏഴുവരെയുള്ള സ്ഥാനങ്ങളിൽ.
ഓരോ ആഴ്ചയും ഇത്തരത്തിൽ സർവേ നടത്തിവരാറുണ്ട്. നവംബർ 20ന് പുറത്തുവന്ന കണക്കുകൾ പ്രകാരവും മോദിതന്നെയായിരുന്നു ഒന്നാമത്. അന്ന് 78 ശതമാനം പേരാണു മോദിയെ പിന്തുണച്ചത്.