മധ്യപ്രദേശ് മുഖ്യമന്ത്രിയെ ഇന്നറിയാം
Monday, December 11, 2023 3:47 AM IST
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയെ ഇന്നു തെരഞ്ഞെടുക്കും. ഇന്നു വൈകുന്നേരം ചേരുന്ന ബിജെപി നിയമസഭാ കക്ഷി യോഗം നേതാവിനെ തെരഞ്ഞെടുക്കും.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ഒബിസി മോർച്ച അധ്യക്ഷൻ കെ. ലക്ഷ്മൺ, സെക്രട്ടറി ആഷ ലക്ര എന്നിവർ ബിജെപി കേന്ദ്ര നിരീക്ഷകരായി യോഗത്തിൽ പങ്കെടുക്കും.
മൂന്നാം തവണയാണ് ബിജെപി കേന്ദ്ര നേതൃത്വം മധ്യപ്രദേശിലേക്ക് നിരീക്ഷകരെ അയയ്ക്കുന്നത്. 2004ൽ ഉമാ ഭാരതിയും 2005ൽ ബാബുലാൽ ഗൗറും രാജിവച്ചപ്പോഴാണു കേന്ദ്ര നിരീക്ഷകരെത്തിയത്. ശിവരാജ് ചൗഹാൻ മുഖ്യമന്ത്രിയായശേഷം നിരീക്ഷകരെ നിയോഗിച്ചിരുന്നില്ല. ഇത്തവണ ആരെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാതെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഒബിസി നേതാവായ ശിവരാജ് സിംഗ് ചൗഹാനെ ഇത്തവണ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ഒബിസിക്കാരനായ പ്രഹ്ലാദ് പട്ടേലിനാണ് ഏറ്റവും അധികം സാധ്യത. നരേന്ദ്ര സിംഗ് തോമർ, കൈലാഷ് വിജയ്വർഗിയ, ബിജെപി സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകളും മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്.
2003 മുതൽ ബിജെപി മുഖ്യമന്ത്രിമാരായ ഉമാ ഭാരതി, ബാബുലാൽ ഗൗർ, ശിവരാജ് സിംഗ് ചൗഹാൻ എന്നിവർ ഒബിസി വിഭാഗക്കാരാണ്. മധ്യപ്രദേശ് ജനസംഖ്യയുടെ 48 ശതമാനം ഒബിസി വിഭാഗക്കാരാണ്.