ആകാശ് ആനന്ദ് മായാവതിയുടെ പിൻഗാമി
Monday, December 11, 2023 3:47 AM IST
ന്യൂഡൽഹി: ബിഎസ്പി അധ്യക്ഷ മായാവതി സഹോദരപുത്രൻ ആകാശ് ആനന്ദിനെ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു. ലക്നോയിലെ പാർട്ടി ആസ്ഥാനത്ത് ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന യോഗത്തിലാണ് മായാവതി തീരുമാനം പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തേണ്ട ചുമതലയും ആകാശിനു നൽകിയിട്ടുണ്ട്.
ലണ്ടനിൽനിന്ന് എംബിഎ ബിരുദം കരസ്ഥമാക്കിയ ഇരുപത്തിയെട്ടുകാരനായ ആകാശ് നിലവിൽ ബിഎസ്പി ദേശീയ കോ-ഓർഡിനേറ്ററാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലുങ്കാന തെരഞ്ഞടുപ്പുകളിൽ സജീവമായിരുന്നു. 2017 മുതൽ പൊതുപ്രവർത്തനരംഗത്തു സജീവമാണ്. 2017 ൽ 22-ാം വയസിൽ പാർട്ടിയിലെത്തിയ ആകാശ് ഉത്തർപ്രദേശിലെ ആഗ്രയിൽ റാലിയെ അഭിസംബോധന ചെയ്തു.
മഹാഗഡ്ബന്ദൻ യോഗത്തിലാണ് ആകാശ് ആദ്യമായി പൊതുപ്രസംഗം നടത്തുന്നത്. രാജസ്ഥാൻ തെരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ വർഷം ആൽവാറിൽ അംബേദ്കർ ജന്മദിനത്തോടനുബന്ധിച്ച് 14 ദിവസം നീണ്ട സങ്കൽപ്പ് യാത്ര നടത്തി. മായാവതിയുടെ സഹോദരൻ ആനന്ദ് കുമാറിന്റെ മകനാണ് ആകാശ്.