അഖിലേഷ് യാദവ് മയപ്പെട്ടു; ഇന്ത്യ മുന്നണി യോഗം 19ന്
Monday, December 11, 2023 3:47 AM IST
ന്യൂഡൽഹി: പ്രമുഖ നേതാക്കൾ പങ്കെടുക്കാത്തതിനെത്തുടർന്ന് മാറ്റിവച്ച ഇന്ത്യ മുന്നണി യോഗം 19ന് ഡൽഹിയിൽ നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പിൽ സംഭവിച്ച വീഴ്ച മനസിലാക്കി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റുവിഭജനം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണു യോഗം ചേരുന്നത്. അഖിലേഷ് യാദവുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചെന്ന് കോണ്ഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യ സഖ്യത്തിനെതിരേ കലാപക്കൊടിയുയർത്തിയ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും മയപ്പെട്ടിട്ടുണ്ട്. തൃണമൂൽ എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്ന് അയോഗ്യയാക്കിയപ്പോൾ ഇന്ത്യ പ്രതിപക്ഷമുന്നണി ഒറ്റക്കെട്ടായാണു പ്രതികരിച്ചത്. ഇതിനിടെ, മഹുവ വിഷയത്തിൽ ഇന്നു പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം കടുപ്പിക്കും.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവർ അസൗകര്യം അറിയിച്ചതിനെത്തുടർന്ന് ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യ മുന്നണി യോഗം മാറ്റിവച്ചിരുന്നു. അന്ന് ഏകോപന സമിതി യോഗം കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ ചേർന്നെങ്കിലും മുന്നണി യോഗത്തിന്റെ തീയതിയിൽ തീരുമാനത്തിലെത്തിയിരുന്നില്ല.
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ, പ്രത്യേകിച്ച് മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം നടത്താതെ കോണ്ഗ്രസ് ഒറ്റയ്ക്കു മത്സരിച്ചതിനെതിരേ സഖ്യത്തിലെ പാർട്ടികൾക്ക് വിയോജിപ്പുണ്ട്. ഇക്കാര്യം സമാജ്വാദി പാർട്ടി വ്യക്തമാക്കിയിരുന്നു.