കർണി സേനാ നേതാവിന്റെ കൊലപാതകം: മൂന്നു പേർ പിടിയിൽ
Monday, December 11, 2023 3:47 AM IST
ജയ്പുർ: കർണി സേന അധ്യക്ഷൻ സുഖ്ദേവ് സിംഗ് ഗോഗാമേദി കൊല്ലപ്പെട്ട കേസിൽ രണ്ടു ഷൂട്ടർമാർ ഉൾപ്പെടെ മൂന്നു പേരെ ജയ്പുർ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ പോലീസും ഡൽഹി പോലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ ശനിയാഴ്ച രാത്രി ചണ്ഡിഗഡിലെ ഒരു ഹോട്ടലിനു പുറത്തുനിന്നാണു പ്രതികൾ പിടിയിലായത്. പ്രതികളെ അതീവ സുരക്ഷയിൽ ജയ്പുരിലെത്തിച്ചശേഷം സോദാല പോലീസ് സ്റ്റേഷനിലേക്കു മാറ്റി.
ഷൂട്ടർമാരായ നിതിൻ ഫൗജി, രോഹിത് റാത്തോഡ്, ഇവരുടെ കൂട്ടാളി ഉധം സിംഗ് എന്നിവരെയാണു പിടികൂടിയതെന്ന് ജയ്പുർ പോലീസ് കമ്മീഷണർ ബിജു ജോർജ് ജോസഫ് അറിയിച്ചു. കരസേനയിൽ ലാൻസ് നായിക് ആയ നിതിൻ ഫൗജി ഹരിയാനയിലെ മഹേന്ദ്രഗഡ് സ്വദേശിയാണ്.
ഡിസംബർ അഞ്ചിനാണു നിതിൻ ഫൗജി, രോഹിത് റാത്തോഡ്, നവീൻ ഷെഖാവത് എന്നിവർ സുഖ്ദേവിന്റെ ജയ്പുർ ശ്യാം നഗറിലെ വീട്ടിലെത്തിയത്. ഏതാനും മിനിറ്റ് സംസാരിച്ചശേഷം ഫൗജിയും റാത്തോഡും സുഖ്ദേവിനെ വെടിവച്ചു കൊന്നു. നവീൻ ഷെഖാവത്തിനെയും അക്രമികൾ വെടിവച്ചു കൊന്നു. ആക്രമണത്തിനിടെ സുഖ്ദേവിന്റെ സ്വകാര്യ സുരക്ഷാ ഗാർഡിനും പരിക്കേറ്റു. ഷെഖാവത് ഓടിച്ച എസ്യുവിയിലാണ് അക്രമികളെത്തിയത്.
രക്ഷപ്പെടുന്നതിനിടെ ഒരു യാത്രക്കാരനെ വെടിവച്ചു വീഴ്ത്തി അയാളുടെ സ്കൂട്ടി തട്ടിയെടുത്തു. പിന്നീട് രാജസ്ഥാൻ റോഡ്വേസ് കോർപറേഷന്റെ ബസിൽ ദീദ്വാനയിലെത്തിയ അക്രമിസംഘം അവിടെനിന്നു സുജാൻഗഡിലും തുടർന്ന് ഹരിയാനയിലുമെത്തി. ഹിസാറിലെത്തിയ ഷൂട്ടർമാർ ഉധം സിംഗിനെ കൂടെക്കൂട്ടി മണാലിയിലേക്കു പോയി. അവിടെ രണ്ടു ദിവസം താമസിച്ചു. തുടർന്ന് ചണ്ഡിഗഡിലെത്തി.
സുഖ്ദേവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം അധോലോക കുറ്റവാളി രോഹിത് ഗൊദാര ഏറ്റെടുത്തിരുന്നു. തന്റെ ശത്രുക്കളെ സുഖ്ദേവ് പിന്തുണയ്ക്കുന്നുവെന്നാണ് ഗൊദാര പറയുന്നത്. കൊടും കുറ്റവാളി ലോറൻസ് ബിഷ്ണോയിയുമായി ബന്ധമുള്ളയാളാണ് രോഹിത് ഗൊദാര. സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ കൊലപാതകത്തിൽ പങ്കുള്ളയാളാണ് കൊല്ലപ്പെട്ട നവീൻ ഷെഖാവത് എന്ന് പോലീസ് കമ്മീഷണർ ബിജു ജോർജ് ജോസഫ് പറഞ്ഞു.