ആദിവാസികൾ തുണച്ചു, ആദിവാസിയെ മുഖ്യമന്ത്രിയാക്കി
Monday, December 11, 2023 3:47 AM IST
റായ്പുർ: ആദിവാസി വിഭാഗത്തിന്റെ ഉറച്ച പിന്തുണയിലാണ് ഇത്തവണ ഛത്തീസ്ഗഡിൽ ബിജെപി ഭരണം പിടിച്ചത്. കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന ഏവരും പ്രവചിച്ചിരുന്ന സ്ഥാനത്ത് അപ്രതീക്ഷിത വിജയം ബിജെപിക്കു സമ്മാനിച്ചത് സംസ്ഥാനത്തെ 32 ശതമാനം വരുന്ന ആദിവാസി വിഭാഗമാണ്. അജിത് ജോഗിക്കു ശേഷം ഛത്തീസ്ഗഡ് മുഖ്യമന്ത്രിയാകുന്ന ആദിവാസി വിഭാഗക്കാരനാണ് വിഷ്ണു ദേവ് സായി. രമൺ സിംഗ് രജപുത്രനും ഭൂപേഷ് ബാഗേൽ ഒബിസിക്കാരനുമാണ്.
ജാഷ്പുർ ജില്ലയിലെ കുൻകുരി മണ്ഡലത്തെയാണ് വിഷ്ണു ദേവ് സായി(59) പ്രതിനിധീകരിക്കുന്നത്. പാർട്ടി അധികാരത്തിലെത്തിയാൽ സായിയെ ‘വലിയ ആളാ’ക്കുമെന്ന് കേന്ദ്ര അമിത് ഷാ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ വാഗ്ദാനം പാലിക്കപ്പെട്ടിരിക്കുന്നു. 2018ൽ സംസ്ഥാനത്ത് വൻ തകർച്ച നേരിട്ട ബിജെപി ഇത്തവണ 29 പട്ടികവർഗ സംവരണ സീറ്റുകളിൽ 17 എണ്ണം നേടി. ആദിവാസി സ്വാധീന മേഖലയായ സർഗുജയിലെ 14 സീറ്റുകളും പിടിച്ചെടുത്ത ബിജെപി ബസ്തർറിൽ 12ൽ എട്ടു സീറ്റ് നേടി. രണ്ട് ആദിവാസി മേഖലകളിലെ ഗംഭീര പ്രകടനമാണു ബിജെപിയെ അധികാരത്തിലെത്തിച്ചത്.
സർപഞ്ച് ആയി രാഷ്ട്രീയപ്രവർത്തനം തുടങ്ങി കേന്ദ്രമന്ത്രിവരെ ആയ സായി വിനയംകൊണ്ടും എളിമകൊണ്ടും ശ്രദ്ധ നേടുന്നു. മൂന്നു തവണ ഛത്തീസ്ഗഡ് ബിജെപി അധ്യക്ഷനായത് സായിയുടെ സംഘാടകപാടവം കേന്ദ്രനേതൃത്വം അംഗീകരിച്ചതിന്റെ തെളിവാണ്. രാഷ്ട്രീയ പാരന്പര്യമുള്ള കുടുംബത്തിലാണു സായി ജനിച്ചത്. ഇദ്ദേഹത്തിന്റെ മുത്തച്ഛൻ ബുദ്ധ്നാഥ് സായി 1947 മുതൽ 1952 വരെ നോമിനേറ്റഡ് എംഎൽഎയായിരുന്നു.
പിതാവിന്റെ മൂത്ത സഹോദരൻ നർഹരി പ്രസാദ് സായി ജനസംഘം നേതാവാണ്. ഇദ്ദേഹം രണ്ടു തവണ എംഎൽഎയും ഒരു തവണ എംപിയുമായി. 1977ലെ ജനതാ പാർട്ടി സർക്കാരിൽ സഹമന്ത്രിയായിരുന്നു. മറ്റൊരു പിതൃസഹോദരനും ജനസംഘം എംഎൽഎയായിട്ടുണ്ട്.
1990ലാണ് വിഷ്ണു ദേവ് സായി ആദ്യമായി എംഎൽഎയായത്. താപ്കാര മണ്ഡലത്തെയാണ് അന്ന് പ്രതിനിധീകരിച്ചത്. 2003, 2008 തെരഞ്ഞെടുപ്പുകളിൽ പതൽഗാവിൽ പരാജയപ്പെട്ടു. 2014ൽ ആദ്യ മോദിസർക്കാരിൽ സഹമന്ത്രിയായി. 2019ൽ ബിജെപി സീറ്റ് നിഷേധിച്ച പത്തു സിറ്റിംഗ് എംപിമാരിലൊരാളായിരുന്നു സാഹുവെന്നതാണ് ഏറെ ശ്രദ്ധേയം.
2006ലാണ് സായി ആദ്യമായി ബിജെപി സംസ്ഥാന അധ്യക്ഷനായത്. 2010 വരെ ആ സ്ഥാനത്തു തുടർന്നു. 2014ൽ വീണ്ടും സംസ്ഥാന അധ്യക്ഷനായി. 2018ൽ ബിജെപി വൻ പരാജയം നേരിട്ടതിനെത്തുടർന്ന് സംസ്ഥാനത്തു പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ വീണ്ടും സായിയെ അധ്യക്ഷനാക്കി. 2022ൽ സായിക്കു പകരം അരുൺ സാവോ വന്നു. ജൂലൈയിൽ സായിയെ ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗമാക്കി.